ചുമയ്ക്കുള്ള 'കോള്‍ഡ്രിഫ്' സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്‌നാടും

ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് 12 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്‌നാടും. തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളും മധ്യപ്രദേശില്‍ വിലക്കിയിച്ചുണ്ട്. അതേസമയം ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്‌നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.
കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച് വൃക്ക തകരാറിലായി രാജസ്ഥാനില്‍ മൂന്ന് കുട്ടികളും, മധ്യപ്രദേശില്‍ ഒന്‍പത് കുട്ടികളുമാണ് മരിച്ചത്. തമിഴ്‌നാട് എഫ്ഡിഎ അയച്ച കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളുകളില്‍ അനുവദനീയമായ പരിധിക്കപ്പുറം ഡൈഎത്തിലീന്‍ ഗ്ലൈക്കോള് സിറപ്പില്‍ കണ്ടെത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കോള്‍ഡ്രിഫ് കഫ് സിറപ്പിന് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും വിപണിയില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തത്.പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംസ്ഥാനത്തെ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചു, കൂടാതെ കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നിരോധിക്കുകയാണെന്നും അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ കമ്പനിയുടെ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങളുടെ നിര്‍ണ്ണയത്തെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തു. ജയ്പൂരിലെ കെയ്‌സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന 19 തരം മരുന്നുകളുടെയും വില്‍പ്പനയും വിതരണവും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.
മുഖ്യമന്ത്രിയുടെ സൗജന്യ ഔഷധി പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ചുമ മരുന്നിന്റെ ഗുണനിലവാരവും മരുന്നുകളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതില്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനവുമാണ് നടപടിക്ക് കാരണമെന്ന് രാജസ്ഥാന്‍ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha