തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം മഴ മുന്നറിയിപ്പ് . തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്. നിലവിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ശക്തി, തിങ്കളാഴ്ചയോടെ ദിശമാറി കിഴക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ശക്തി.അതേസമയം, ഉത്തർപ്രദേശ്- ബിഹാറിന് മുകളിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ന്യൂനമർദത്തിന്റെയോ ചുഴലിക്കാറ്റ് ഭീഷണിയില്ല.
എന്നാൽ ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലാണ് കൂടുതൽ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധൻ വ്യക്തമാക്കി.സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
05/10/2025 : പത്തനംതിട്ട, ഇടുക്കി 06/10/2025 : പത്തനംതിട്ട, ഇടുക്കി. എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (04/10/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04/10/2025 & 05/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗതയിൽ തീവ്ര ചുഴലിക്കാറ്റ് മൂലമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കേരള തീരത്ത് കാലവർഷകാറ്റ് (പടിഞ്ഞാറാൻ കാറ്റ്) ദുർബലമായി തുടങ്ങി. ഒഡിഷ ന്യുന മർദ്ദം ദുർബലമായാൽ സെൻട്രൽ ഇന്ത്യയിൽ നിന്ന് പെട്ടന്ന് കാലവർഷം പിന്മാറി തുടങ്ങും, ഒപ്പം തെക്കേ ഇന്ത്യയിൽ നിന്നും.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
https://www.facebook.com/Malayalivartha