വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ലേലത്തിലെടുക്കാന്‍ ആളില്ല

വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ലേലം ചെയ്ത് പണം കണ്ടെത്തുന്നതിനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടു. കിങ്ഫിഷര്‍ ഹൗസ് ലേലത്തിലെടുക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇത് പരാജയപ്പെട്ടത്. 150 കോടി രൂപയായിരുന്നു കിങ്ഫിഷര്‍ ഹൗസിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ലേലം സംഘടിപ്പിച്ചിരുന്നത്. സ്ഥലത്തിന്റെ വിലയേക്കാളും കൂടുതലായി അടിസ്ഥാന വില നിശ്ചയിച്ചതിനാലാണ് ആരും ലേലത്തില്‍ പങ്കെടുക്കാന്‍ എത്താത്തതെന്ന് ബാങ്കിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയും സേവന നികുതി വിഭാഗത്തിന് 812 കോടി രൂപ കുടിശിക തുകയുമാണ് വിജയ് മല്യ കൊടുക്കാനുള്ളത്. ഇത് ഈടാക്കുന്നതിനാണ് കിങ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചത്. മുംബൈ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടം കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓഫീസായിരുന്നു. 2,401.7 സ്‌ക്വയര്‍ ഫീറ്റാണ് കിങ്ഫിഷര്‍ ഹൗസിന്റെ വിസ്തീര്‍ണം. മല്യയുടെ സ്വകാര്യ എയര്‍ബസായ എസിജെ 312, ആഞ്ച് എറ്റിആറുകള്‍, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവയും ലേലം ചെയ്യുന്നുണ്ട്. എയര്‍ബസിന്റെ അടിസ്ഥാനവില 600 കോടി രൂപയായാണ് കണക്കാക്കുന്നത്.
1623 കോടി രൂപ വായ്പ നല്‍കിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കിങ്ഫിഷര്‍ ഹൗസിന്റെ ലേലം. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് എയര്‍ബസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലേലം ചെയ്യുന്നത്. സര്‍ഫാസി നിയമം പ്രകാരം സര്‍ക്കാര്‍ കമ്പനിയായ എംഎസ്റ്റിഎസ് ലിമിറ്റഡ്, ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തുന്നത്. 90 കോടി രൂപ വിലവരുന്ന ഗോവയിലെ കിങ് ഫിഷര്‍ വില്ലയും വരും ദിവസങ്ങളില്‍ ലേലത്തിന് വയ്ക്കും.
അതേസമയം, സണ്‍ഡേ ഗാര്‍ഡിയന്‍ പത്രത്തിന് അഭിമുഖം നല്‍കിയെന്ന പത്രത്തിന്റെ അവകാശവാദം നിഷേധിച്ച മല്യ തെറ്റായ അഭിമുഖം പ്രസിദ്ധീകരിച്ചതിനെതിരെ മുംബൈ പൊലീസിന് പരാതി നല്‍കി. ഇതിന്‍മേല്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha