പിന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗത്വം നിരസിച്ച് കെപിഎ മജീദ്

നിയമസഭാ സീറ്റിന് പകരമായി പാര്‍ട്ടി നല്‍കിയ പിന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗത്വം നിരസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കമ്മീഷന്‍ അംഗമായി നിയമിക്കപ്പെട്ടാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും. ഇതാണ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന മജീദിന്റെ തീരുമാനത്തിന് പിന്നില്‍. തന്നോട് ആലോചിക്കാതെ പിന്നോക്ക ക്ഷേമ കമ്മീഷന്‍ സ്ഥാനത്ത് നിയമിച്ചതില്‍ പ്രതിഷേധത്തിലാണ് കെപിഎ മജീദ്.
ഈ മാസം നാലിനാണ് പിന്നാക്ക ക്ഷേമ കമ്മീഷന്‍ അംഗമായി കെപിഎ മജീദിനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. കമ്മീഷന്‍ അംഗമായി നിയമിതനായാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെപിഎ മജീദിനെ കമ്മീഷന്‍ അംഗമായി നിയമിച്ചതാണ് ആശ്ചര്യകരം. മജീദ് അറിയാതെയാണ് നിയമനമെന്നാണ് വിവരം. രാഷ്ട്രീയ ഭാവി അപകടത്തിലാവുമെന്ന് ഭയന്ന് കെപിഎ മജീദ് സ്ഥാനം ഏറ്റെടുത്തിട്ടില്ല. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഇപ്പോഴൊന്നും പറയാനില്ലെന്ന് പറഞ്ഞ് മജീദ് ഒഴിയുകയും ചെയ്തു.
ലഭിക്കുമെന്ന് ഉറപ്പിച്ച രാജ്യസഭാ സീറ്റ് കൈവിട്ടുപോയതില്‍ വിഷമത്തിലായിരുന്നു കെപിഎ മജീദ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ലെന്ന് മജീദ് നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നായിരുന്നു ഇതെക്കുറിച്ച് മജീദ് വിശദീകരിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം പോലും നടത്താനാവാത്ത കമ്മീഷന്‍ അംഗത്വം നല്‍കി തന്നെ പൂര്‍ണ്ണമായി ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെപിഎ മജീദ് ഭയക്കുന്നു. മുസ്ലിം ലീഗിനുള്ളിലെ ആഭ്യന്തര രാഷ്ട്രീയ അധികാര വടംവലികളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കമ്മീഷന്‍ അംഗത്വ വിവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha