ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അഞ്ചിനാരംഭിക്കും... ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും

സ്വാമിയേ ശരണമയ്യപ്പാ..... ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചിനാരംഭിക്കും. ബുക്ക് ചെയ്യുമ്പോൾ, അപകട ഇൻഷ്വറൻസിന് അഞ്ച് രൂപ അടയ്ക്കാനുള്ള ഓപ്ഷനുണ്ടാകും. ഇൻഷ്വറൻസ് എടുത്ത തീർത്ഥാടകർ മലകയറ്റത്തിനിടെ മരിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭ്യമാകും.
ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഐഡിയാണ്. ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പരിരക്ഷ ലഭിക്കുന്നതാണ്. ഇൻഷ്വറൻസ് സംബന്ധിച്ച വിവരങ്ങൾ ഇന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
അസുഖബാധിതരായവർ തീർത്ഥാടനത്തിനിടെ മരണമടഞ്ഞാൽ ആശ്രിതർക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കിട്ടുന്ന പിൽഗ്രിം വെൽഫയർ നിധിയും ഈ വർഷം ആരംഭിക്കും. കേരളത്തിൽ വച്ച് അപകടത്തിൽ പരിക്കേറ്റാലും തുക ലഭ്യമാക്കാനായി ഇൻഷ്വറൻസ് കമ്പനിയുമായി ചർച്ച നടത്തും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാനത്തിനകത്ത് 30000 രൂപ വരെയും പുറത്തേക്ക് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവ് ഇപ്പോൾ കൊടുക്കുന്നുണ്ട്.
അതേസമയം ദിവസം 20,000 ഭക്തർക്ക് റിയൽ ടൈം ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha






















