നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്.
"തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകൻ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്" സ്നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. സ്നേഹം മാത്രം മനസ്സിലുള ഭാര്യയുടെ ആ സ്നേഹം പോലും തിരിച്ചറിയുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു.
ഈ ഒറ്റപ്പെട്ട ജീവിതത്തിനിടയിലാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയുവാൻ കഴിഞ്ഞത്. ഈ തിരിച്ചറിവുകൾ അകന്നുപോയവരെ അരികിലേക്ക് എത്താൻ ആഗ്രഹമുദിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അരികിൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്സ് ജോസ് ഭദ്രമാക്കുന്നു.
ഡാഡീസ് ഡ്രീം എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡക്ഷൻ --സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം- സിബി ജോസഫ്. എഡിറ്റിംഗ് - സുജീർ ബാബു സുരേന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ- ഷാജു സെബാസ്റ്റ്യൻ. കലാ സംവിധാനം-മോഹൻദാസ്. കോസ്റ്റ്യും ഡിസൈൻ-ഷാജു സെബാസ്റ്യൻ. മേക്കപ്പ്- മാളു . എസ്. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കെ മത്തായി. നവംബർ ഇരുപത്തിയൊന്നുമുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും. പി ആർ - വാഴൂർ ജോസ്.
https://www.facebook.com/Malayalivartha
























