വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..

മര്യാദ ജോലിയെടുക്കുന്നരെ അതിന് സമ്മതിക്കില്ല. വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനായ എസ്. ഫ്രാൻസിസിനു നേരെയാണ് പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയുണ്ടായത്. സംഭവത്തിൽ എം.വി.ഐ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 11-ന് കുമളി-സത്രം റൂട്ടിൽ നടത്തിയ വാഹന പരിശോധനയാണ് പ്രകോപനത്തിന് കാരണമായത്. പരിശോധനയിൽ നിയമാനുസൃതമല്ലാതെ രൂപമാറ്റം വരുത്തിയ ചില ജീപ്പുകൾ പിടികൂടുകയും, മോഡിഫിക്കേഷൻ നീക്കി വാഹനങ്ങൾ ഹാജരാക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വാഹനപരിശോധന തുടരുന്നതിനിടെ സി.ഐ.ടി.യു. നേതാക്കൾ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന തടസ്സപ്പെടുത്തുകയും 'വീട്ടിൽ കയറി പണി തരുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ,
വിനോദസഞ്ചാരികളുമായി സവാരി നടത്തുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശം എസ്. ഫ്രാൻസിസ് ജില്ലാ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചതും ഒരു വിഭാഗം ഡ്രൈവർമാരുടെ വിരോധത്തിന് കാരണമായതായി സൂചനയുണ്ട്.പരിശോധനയ്ക്ക് പിന്നാലെ സി.ഐ.ടി.യു. നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും പരസ്യമായ വധഭീഷണി മുഴക്കി. ‘ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം... വടി വെട്ടാം...’ എന്നായിരുന്നു പി.എസ്. ബിവിൻ എന്നയാൾ സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഇതിനു താഴെ ‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’ എന്നതുൾപ്പെടെയുള്ള പ്രകോപനപരമായ കമന്റുകളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമല മണ്ഡലകാല ഒരുക്കങ്ങളുടെ തിരക്കിലായിരുന്നതിനാലാണ് ഉദ്യോഗസ്ഥൻ തെളിവുകൾ സഹിതം ഇന്നലെ പോലീസിൽ പരാതി നൽകിയത്.
https://www.facebook.com/Malayalivartha

























