തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

അഹമ്മദാബാദ് നഗര മാതൃക തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് മുൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി . തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അഹമ്മദാബാദ് മാതൃകയിലുള്ള വികസന പ്രവർത്തനങ്ങൾ തിരുവനന്തപുരം നഗരത്തിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വികസന - സാംസ്കാരിക സൂചികകളിൽ ഗുജറാത്തിനേക്കാൾ ഏറെ മുകളിൽ ആണ് കേരളവും തിരുവനന്തപുരവും. വികസനത്തിനായി അഹമ്മദാബാദ് നഗരത്തെ കണ്ടെത്തേണ്ട ഒരു ഗതികേടും തിരുവനന്തപുരം നഗരസഭയ്ക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനസംഖ്യാശാസ്ത്രപരമായും സാംസ്കാരികമായും ഭക്ഷണരീതികളിലും ജീവിതശൈലിയിലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലും ഈ രണ്ട് നഗരങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. തിരുവനന്തപുരം നഗരസഭ ഭരണസിരാകേന്ദ്രവും ഇടത്തരക്കാരുടെയും സർക്കാർ സർവീസ് മേഖലയിലെ ജീവനക്കാരുടെയും നഗരമാണ്. വിദേശ പ്രതിനിധികൾ സന്ദർശിക്കുമ്പോൾ അഹമ്മദാബാദിലെ അവികസിത ചേരികൾ തുണികൾ കൊണ്ട് മറയ്ക്കുന്ന കാഴ്ച നാം കണ്ടതാണ്. ജനതയെ വിവിധ തട്ടുകളായി വിഭജിക്കുന്ന വികസനം അല്ല തിരുവനന്തപുരത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























