സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം

സ്പാ, മസാജ് സെന്ററുകള്‍, വെല്‍നെസ് സെന്ററുകളിലെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി തിരുവനന്തപുരം കോര്‍പറേഷന്‍. സ്പാ, മസാജ് സെന്ററുകള്‍, വെല്‍നെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികള്‍ എന്നിവ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തില്‍ ആയിരിക്കരുതെന്ന് നിര്‍ദേശം. മദ്യം, ലഹരി വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ വില്‍പനയോ ഉപയോഗമോ പാടില്ല. പ്രായപൂര്‍ത്തിയാകാത്തവരെ ജീവനക്കാരായി നിയോഗിക്കരുതെന്നും നിര്‍ദേശം.
സ്പാകള്‍ കേന്ദ്രീകരിച്ചു ലൈംഗികചൂഷണങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കോര്‍പറേഷന്റെ കര്‍ശന നിര്‍ദേശം. ട്രീറ്റ്‌മെന്റ് മുറികളില്‍ സിസിടിവി ക്യാമറകള്‍ പാടില്ല. സ്വീകരണ സ്ഥലം, കാത്തിരിപ്പ് സ്ഥലം, ഇടനാഴികള്‍,ചികിത്സതെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ദൃശ്യങ്ങള്‍ 30 ദിവസം സൂക്ഷിക്കണമെന്നും അനധികൃത സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനം തടയുന്നതിനായി തയാറാക്കിയ നിയമാവലിയില്‍ ശുപാര്‍ശയുണ്ട്.
ഇതര സംസ്ഥാന ജീവനക്കാര്‍ അതത് സ്ഥലത്തെ ജില്ലാ പൊലീസ് മേധാവിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ ഇടപാടുകാരുടെ വിവരങ്ങള്‍ സ്പാ സെന്ററുകളില്‍ സൂക്ഷിക്കണമെന്നും നിയമാവലിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























