യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര് മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും

യുഎഇയിലെ ഫുജൈറയില്‍ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര് മരിച്ചതില്‍ മൂന്ന് പേര് മലയാളികള്‍. ഇതില്‍ പത്തുപേര്‍ യുഎഇ പൗരന്മാരാണ്. പരിക്കേറ്റ 30 പേരില്‍ എട്ട് പേര് യുഎഇ പൗരന്മാര്, ഏഴ് ഇന്ത്യക്കാര്‍, ആറ് ഒമാനികള്‍, മൂന്ന് ഈജിപ്തുകാര്‍, രണ്ട് ജോര്‍ദാനികള്‍, രണ്ട് പാകിസ്ഥാനികള്‍, രണ്ട് ബ്രസീലുകാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ നവംബര്‍ 12 വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ചശേഷം മറിയുകയും ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന് തീപിടിച്ചു. പിന്നാലെ തീ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും പടര്‍ന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.
അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരില്‍ മൂന്നുപേര്‍ മലയാളികളാണ്. ഫുജൈറയില്‍ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്പ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍ (21), മുസ്ന ജുബിന്‍ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. കുടുംബത്തിലെ ഏഴുപേര്‍ കാറിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























