മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

വലിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി പൊതുപരിപാടിയില്‍ എത്തുന്നത്. അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമെ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകും.
എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. ഞാൻ ഇപ്പോള്‍ വരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായി. കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് മാത്രം നമ്മള്‍ വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ അപൂര്‍വമായിട്ടേയുള്ളു. നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാം. അങ്ങനെ ദാരിദ്ര്യത്തെ അതിജീവിക്കാം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വിശക്കുന്ന വയറുകള്‍ കണ്ടു തന്നെയാണ് വികസനം യഥാര്‍ഥ്യമാക്കേണ്ടത്. ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയന്ന് ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനവും ആശംസയും നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമടക്കമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്നും ഇതിനായി കേരളത്തിന് പുറത്ത് പത്ത് കോടി രൂപ പരസ്യത്തിന് ചെലവാക്കിയെന്നും അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മഹാനടന്മാര്‍ സര്‍ക്കാരിന്‍റെ വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു. മഹാനടന്മാര്‍ക്ക് ഇതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ലായിരിക്കും. തിരക്കുള്ള ആളുകളല്ലെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിലേക്ക് നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയവരെ ക്ഷണിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങളെതുടര്‍ന്ന് മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടി പരിപാടിയിൽ പങ്കെടുത്തു. ഇതിനിടെയാണ് നടന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സണ്ണി ജോസഫിന്‍റെ പ്രതികരണം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലെ കാപട്യം ജനം തിരിച്ചറിയുമെന്നും ക്ഷേമ പെൻഷൻ വർധന പ്രഖ്യാപനവും തട്ടിപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 2500 രൂപയാണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വലിയ വിജയസാധ്യത കാണുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ സർക്കാർ സംരഷിക്കുകയാണ്. തുടർ സമരങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് ആയതിനാൽ സമരം നിർത്തുമെന്ന് കരുതേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചു. തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായി. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടത് പക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതെന്നും മുഖ്യമന്ത്രി.
വികസനം എന്നാൽ അംബരചുംബികൾ മാത്രമല്ല. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയും വാട്ടർ മെട്രോയും രാജ്യത്തിന് മാതൃകകളാണ്. സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ആഗോള മാതൃകയായി മാറി. ഇടത് സർക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും എടുത്ത് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ എല്ലാവർക്കും അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ആരുടെയും ഔദാര്യം അല്ല. ഒരു കുടുംബം പോലും ആഹാരത്തിനായി കൈ നീട്ടേണ്ട അവസ്ഥയില്ലെന്നുറപ്പാക്കി. വീട് സ്വപ്നം ആയിരുന്നവർക്ക് അത് യഥാർത്ഥ്യമാക്കി. ആരും പിന്നിലാകരുത് എന്നത് ഈ സർക്കാരിന്റെ മുദ്രാവാക്യം. 2016 ഇൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനം മുരടിച്ച് നാട് വിറങ്ങലിച്ച അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയത്. എൽഡിഎഫ് സർക്കാരുകളാണ് ക്ഷേമ പെൻഷൻ കൂട്ടിയത്. വാട്ടർ മെട്രോയെ കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ സംഘങ്ങൾ എത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദുരന്ത സമയങ്ങളിൽ നമുക്ക് കേന്ദ്ര സഹായം ലഭിച്ചില്ല. നാട് തകർന്നു പോകുമോ എന്ന് ആശങ്ക ഉയർന്ന ഘട്ടങ്ങൾ ഉണ്ടായി. പക്ഷേ നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. വയനാട് ദുരന്തത്തിൽ നമുക്ക് ലഭിക്കേണ്ട സഹായം ലഭിച്ചില്ല. ജനുവരിയിൽ വയനാട് ടൗൺഷിപ്പ് പൂർത്തിയാക്കി ആളുകളെ താമസിപ്പിക്കും. ഒരു പ്രതിസന്ധിയ്ക്കും കേരളത്തെ തകർക്കാനാവില്ല. നമുക്ക് മുന്നിൽ അസാധ്യമായി ഒന്നുമില്ല. നമ്മുടെ ഒരുമയെ ആർക്കും തകർക്കാനാവില്ല. പക്ഷേ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ കേന്ദ്ര നിലപാടുകൾ തുറന്ന് കാട്ടണം. നമ്മുടെ മിഷൻ ഇവിടെ അവസാനിക്കുന്നില്ല. അതി ദാരിദ്ര്യ മിഷൻ തുടരും. കേരള ജനതയാകെ ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതി ദാരിദ്ര്യ നിർമാർജന റിപ്പോർട്ട് മമ്മൂട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം മലപ്പുറം ജില്ലാ നേതൃത്വം. പി എം എ സലാമിന്‍റേ തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്. മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട.
പൊതുപരിപാടിയിലെ വിവാദ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണെന്നും സിപിഎം മലപ്പുറം ജില്ലാ നേതൃത്വം വ്യക്തമാക്കി. ലീഗിന്‍റെ സാസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള സംസ്കാരശൂന്യമായ പരാമര്‍ശങ്ങള്‍ ലീഗ് നേതൃത്വം ഒഴിവാക്കണം. സലാമിന്‍റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സി പി എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടത് ചോദ്യം ചെയ്യാൻ ആർജെഡി. സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കും. കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചര്‍ച്ചയാകും.
മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായത്. സിപിഎം- സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി യോഗത്തിലെ പ്രധാന ചര്‍ച്ച പിഎം ശ്രീയെ കേന്ദ്രീകരിച്ചാകും. കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന പൊതു വികാരം സിപിഐ മുൻപ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സമവായമായതിനാൽ മുന്നണി യോഗത്തിൽ സിപിഐ വിമര്‍ശനം കടുപ്പിക്കാനിടയില്ല. കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയും യോഗത്തിൽ ഉന്നയിച്ചേക്കും. നാല് മണിക്ക് എകെജി സെൻ്ററിലാണ് യോഗം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പം നേതൃത്വം വിശദീകരിക്കും.
സിപിഐയുമായി നടന്ന തർക്കം തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ പാർട്ടി ഘടകങ്ങൾക്കുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് പാർട്ടി ജനറൽ സെക്രട്ടറിയെടുത്ത സമീപനമാണ് പിഎം ശ്രീയിൽ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത് എന്ന ചർച്ചയും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന ആഴ്ച പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പിനെ പാർട്ടി തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടാകും.
https://www.facebook.com/Malayalivartha

























