ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുരുക്കുകയും കാറില്‍ പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
നൗഗൈന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മണല്‍ ക്വാറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ ഭരത് സിംഗ് പോയിരുന്നതായി കുടുംബം വെളിപ്പടുത്തി. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രദേശത്തെ മണല്‍ ക്വാറിക്കുള്ള കരാര്‍ ഭരത് സിംഗിന്റെ കുടുംബത്തിനാണ് നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മനോജ് ത്രിപാഠിയുടെ കുടുംബവും സിംഗിന്റെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഭരത് സിംഗ് ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha

























