പി.എം.ശ്രീക്ക് എന്തു സംഭവിച്ചു? സെക്രട്ടേറിയറ്റിൽ നടക്കുന്നതെല്ലാം അതീവ രഹസ്യം... സി പി ഐക്കാരെ പുറത്താക്കി

പി എംശ്രീ പദ്ധതി മരവിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാനം കത്തയച്ചില്ല. വെറുതെ ഒരു കത്ത് എഴുതിയാൽ പോരെന്നും കൃത്യമായ വിവരങ്ങൾ അറിയിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ സി പി ഐ നേതാക്കളോട് പറഞ്ഞത്. സി പി ഐ നേതാക്കൾ കത്തിനെ കുറിച്ച് വ്യാപകമായി അന്വേഷിക്കുന്ന സാഹചര്യത്തിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ ആലോചനകളും രഹസ്യമായി സൂക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. സി പി എമ്മിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. പി എം ശ്രീ ഫയലുകൾക്ക് മുകളിൽ സ്ട്രിക്റ്റിലി കോൺഫിഡൻഷ്യൽ സ്റ്റിക്കറുകൾ പതിപ്പിച്ചുതുടങ്ങി. ഒരു വിവരവും പുറത്തുപോകാതെ കർശനമായ സുരക്ഷിതത്വത്തിലാണ് കാര്യങ്ങൾ മുന്നോട്ടുനീങ്ങുന്നത്.
പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. പദ്ധതി നടപ്പാക്കാൻ തത്ത്വത്തിൽ തീരുമാനിച്ച വിവരം സംസ്ഥാനസർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനത്തെ കേന്ദ്രം സ്വാഗതംചെയ്തു. കേരളത്തിലെ വിദ്യാർഥികൾക്കുള്ള ഗുണം ലക്ഷ്യമാക്കി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകണമെന്നും പട്‌നയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളസർക്കാരിൽ ഇതുസംബന്ധിച്ച് പ്രതിസന്ധിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിഎംശ്രീ പദ്ധതിയിൽനിന്ന് പിൻമാറാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവുണ്ടോയെന്ന ചോദ്യത്തിന്, കേരളത്തിൽനിന്ന് ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ തന്റെ ശ്രദ്ധയിലില്ലെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പി എം ശ്രീ നടപ്പിലാക്കുന്നതിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ പങ്ക് മന്ത്രിയുടെ വാക്കുകളിലുണ്ടായിരുന്നു.. പിണറായിയുടെ വിശ്വസ്തനാണ് ബ്രിട്ടാസ്. ദീർഘകാലം ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന ബ്രിട്ടാസിന് കേന്ദ്രത്തിൽ അസാമാന്യമായ സ്വാധീനമുണ്ട്.അതുപയോഗിച്ചാണ് പിണറായി ഡൽഹിയിൽ കരുക്കൾ നീക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും ജോൺ ബ്രിട്ടാസിനെപ്പോലെയുള്ള മുതിർന്ന പാർലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയിൽ ചേരുമെന്ന് രണ്ടുദിവസംമുൻപ് കേരള സർക്കാർ വ്യക്തമാക്കിയതിനാൽ, ആ തീരുമാനം തുടരുമെന്നാണ് കരുതുന്നത്.
പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിൻവാങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന്, ഇത്തരം നീക്കത്തെക്കുറിച്ച് അറിവില്ലെന്ന് പ്രധാൻ പറഞ്ഞു. പദ്ധതിയുമായി കേരളം മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്. ഇത് കേരളത്തിലെ വിദ്യാർഥികൾക്കുള്ള നല്ല പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. വ്യക്തത ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പി എ ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക കേരളത്തിന് എളുപ്പമല്ല. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് തടയാൻ കേന്ദ്രത്തിന് കഴിയും.
പി എം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് മാത്രമാണ്. പി എം ശ്രീയിൽ നിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ്എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലായ് 26ന് പദ്ധതിയിൽ ചേരാൻ പഞ്ചാബ് സന്നദ്ധ അറിയിക്കുകയായിരുന്നു. പി എം ശ്രീ കരാർ താൽക്കാലികമായി നിറുത്തിവയ്ക്കാം എന്നല്ലാതെ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നൽകാമെന്നും പദ്ധതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ് കേരള സർക്കാരിന്റെ പുതിയ തീരുമാനം. ഉപസമിതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനും മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി. രാജീവ്, എ. കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളുമാണ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചാണ് പുനഃപരിശോധനയെന്നും ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതു വരെ സംസ്ഥാനത്ത് പി.എം. ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കേരളത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞതായി സൂചനയുണ്ട് . എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു ബുധനാഴ്ചയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ ഫണ്ട് എത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അതിലെ തീരുമാനത്തിനനുസരിച്ച് കാര്യങ്ങള്‍ തീരുമനിക്കുമെന്നും മന്ത്രി പറഞ്ഞു.അതായത് ഉപ സമിതി തീരുമാനം വരുന്നതുവരെ മരവിപ്പിക്കില്ലെന്ന് ചുരുക്കം.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് എസ്എസ്‌കെ ഫണ്ട് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര ഫണ്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ ഫണ്ടിന്റെ ഭാഗമായി ആദ്യ ഗഡുവായി ഏകദേശം 319 കോടിയോളം രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനും കേരളത്തിനും ഈയാഴ്ച കിട്ടേണ്ടിയിരുന്നത്. എന്നാല്‍ പിഎം ശ്രീ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കിലും ഫണ്ട് തത്കാലത്തേക്ക് കേന്ദ്രം തടഞ്ഞിട്ടുള്ളതായാണ് സൂചനകള്‍. മന്ത്രിസഭാ ഉപസമിതി തീരുമാനത്തിനനുസരിച്ചായിരിക്കും കേരളത്തിന്റെ തുടര്‍ നടപടികള്‍.
പിഎംശ്രീയില്‍ പഞ്ചാബിലെപ്പോലെ കേന്ദ്രസര്‍ക്കാര്‍ കുരുക്കിട്ടാല്‍ കേരളത്തിന് പിന്മാറാന്‍ കടമ്പകളേറെയുണ്ട്. 2022 ഒക്ടോബറില്‍ ഒപ്പിട്ട കരാറില്‍നിന്ന് അടുത്തവര്‍ഷം പഞ്ചാബ് സര്‍ക്കാര്‍ പിന്മാറിയിരുന്നു. പക്ഷേ, കരാറില്‍നിന്ന് പിന്മാറാനാകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഫണ്ട് തടഞ്ഞതോടെ സമ്മര്‍ദത്തിനൊടുവില്‍ 2024-ല്‍ പഞ്ചാബിന് വീണ്ടും പിഎംശ്രീയില്‍ പങ്കാളിയാവേണ്ടിവന്നു.
നയപരമായിത്തന്നെ എതിര്‍പ്പുള്ളതിനാല്‍, കേരളത്തിന് ആ വഴി സ്വീകരിക്കാനാവില്ല. പിന്മാറാന്‍ കരാര്‍വ്യവസ്ഥപ്രകാരം കേന്ദ്രത്തിനുമാത്രമേ അവകാശമുള്ളൂ. പദ്ധതി മരവിപ്പിച്ചെങ്കിലും അതെങ്ങനെ മറികടക്കാമെന്നതാണ് സര്‍ക്കാരിനുമുന്നിലെ വെല്ലുവിളി. അതേസമയം, ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും പിഎംശ്രീ പദ്ധതിക്കുള്ള പണമൊന്നും കേരളം കൈപ്പറ്റാത്തതിനാല്‍ പിന്മാറ്റത്തിന് നിയമപരമായ തടസ്സമില്ലെന്ന് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിസഭാ ഉപസമിതി ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക.നയപരമായും രാഷ്ട്രീയമായും എതിര്‍ത്ത ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനു കീഴടങ്ങിയെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍, കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎംശ്രീ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം.ഇതാണ് വിവാദമായത്.
2023-27 വര്‍ഷത്തേക്കു വിഭാവനം ചെയ്തതാണ് പദ്ധതി. രാജ്യത്ത് 14,500 പിഎം ശ്രീ സ്‌കൂളുകള്‍ വികസിപ്പിക്കുമെന്നാണ് കേന്ദ്രപ്രഖ്യാപനം. ഒരു എലമെന്ററി സ്‌കൂള്‍, ഒരു സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം.
മുന്നുറോളം പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ കേന്ദ്രം വികസിപ്പിക്കും. അവ 'പിഎം ശ്രീ സ്‌കൂളായി തിരിച്ചറിയാവുന്നതരത്തില്‍ പേരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സഹിതമുള്ള ബോര്‍ഡും സ്ഥാപിക്കും.
വിദ്യാര്‍ഥികള്‍ക്ക് 21-ാം നൂറ്റാണ്ടില്‍വേണ്ട ശേഷി അഭിമുഖീകരിക്കാനാവുംവിധമുള്ള മാതൃകാവിദ്യാലയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്ത പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎംശ്രീ. 2020-ലെ ദേശീയ വി ദ്യാഭ്യാസനയത്തിന്റെ നിര്‍വഹണവും മികവും പ്രദര്‍ശിപ്പിക്കാനുള്ളതാണ് ഈ വിദ്യാലയങ്ങളെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
എന്‍ഇപി വ്യവസ്ഥകളെല്ലാം പൂര്‍ണമായി സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന് പിഎം ശ്രീ ധാരണാ പത്രം നിര്‍ദേശിക്കുന്നു. പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി വേണം. അതിനാല്‍, എന്‍സിഇആര്‍ടി സിലബസ് പിന്തുടരാന്‍ കേരളം നിര്‍ബന്ധിതമാവും. പിഎം ശ്രീ സ്‌കൂളില്‍ കേന്ദ്രസിലബസും മറ്റു സ്‌കൂളുകളില്‍ സംസ്ഥാനസിലബസുമാവുന്നതോടെ, പൊതു വിദ്യാലയങ്ങള്‍ രണ്ടുതട്ടിലാവും.
പിഎംശ്രീ ഒപ്പിടാത്തതിന്റെ പേരില്‍ 2023-24 അവസാനപാദംമുതല്‍ സമ ഗ്രശിക്ഷാ കേരള(എസ്എസ്‌കെ)ത്തിനുള്ള ഫണ്ട് തടഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 1200 കോടി മരവിപ്പിച്ചു. എസ്എസ്‌കെ പദ്ധതികള്‍ താളംതെറ്റുകയും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ചെയ്‌തോടെയാണ് , കേന്ദ്ര സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വ്യാഴാഴ്ച ധാരണാപത്രം ഒപ്പിട്ടത്.
നയപരമായി ഒട്ടും വീഴ്ചയില്ലെന്നാണ് സർക്കാർ വാദം, എന്‍ഇപിയിലുള്ള എതിര്‍പ്പ് തുടരും. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാനാണ് പിഎംശ്രീയില്‍ ഒപ്പിട്ടത്.
വിദ്യാഭ്യാസത്തില്‍ കാവിവത്കരണവും വാണിജ്യവത്കരണവും ലക്ഷ്യമിട്ടാണ് എന്‍ഇപിയെന്നാണ് സിപിഎമ്മും സിപിഐയും സ്വീകരിച്ച നിലപാട്. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗഗള്‍ഭരണവുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. ഈ വര്‍ഷം സിപിഎം മധുര പാര്‍ട്ടി കോണ്‍ഗ്രസ് എന്‍ഇപി അപകടകരമാണെന്ന് അടിവരയിട്ടു. പക്ഷേ, പിഎം ശ്രീ നടപ്പാക്കാന്‍ സമ്മതിച്ചതോടെ, കേന്ദ്രസര്‍ക്കാര്‍ നയം തത്ത്വത്തില്‍ കേരളം അംഗീകരിച്ചു
സി പി ഐ എതിർപ്പ് തുടരുക തന്നെ ചെയ്യും. ഇല്ലെങ്കിൽ അവരുടെ ഇമേജ് വെള്ളതിലാവും. പി എം ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന കേന്ദ്ര നിലപാടിനെതിരെ തമിഴ് നാട് സർക്കാർ മാതൃകയിൽ നിയമം നിർമ്മിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പുസെക്രട്ടറി ഡൽഹിയിൽ ചെന്ന് എൻ ഇ പിയിൽ ഒപ്പിട്ടത്. മന്ത്രിസഭയെ വിശ്വാസത്തിൽ എടുക്കാതെയുള്ള തീരുമാനമാണ് ഇതെന്ന് സിപിഐ പറയുന്നത് ഈ സാഹചര്യത്തിലാണ്. എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ല. മന്ത്രിസഭയുടെ അതേ അവസ്ഥയിൽ തന്നെയാണ് ഇടതുമുന്നണിയും. 2024 ഡിസംബർ നാലിനും 2025 മെയ് 9 നും ചേർന്ന മന്ത്രിസഭാ യോഗങ്ങളാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന അജണ്ട ചർച്ച ചെയ്തത്. രണ്ട് യോഗങ്ങളിലും സിപിഐ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. സിപിഎമ്മിന്റെ ചില മന്ത്രിമാരും വിയോജിപ്പ് പ്രകടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനുള്ള ഒന്നായി ഇടത് പാർട്ടികൾ കരുതുന്ന ഈ പദ്ധതി കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതിനോട് വ്യാപകമായി എതിർപ്പുണ്ട്. മന്ത്രിസഭയിലെ ആദ്യ വട്ട ചർച്ചയിലെ ഈ ഭിന്നത കണക്കിലെടുത്ത് കേരളം കരാറിൽ ഒപ്പിടില്ലെന്ന് മന്ത്രി വീ ശിവൻകുട്ടി പ്രഖ്യാപിച്ചു. അതോടെ മന്ത്രിസഭാംഗങ്ങളും വിശ്വസിച്ചു. വിദ്യാഭ്യാസ മന്ത്രി അറിയാതെ കരാർ ഒപ്പിട്ടില്ലെന്നായിരുന്നു അവരുടെ വിശ്വാസം. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായതോടെ കഴിഞ്ഞ മേയിൽ ഇക്കാര്യം വീണ്ടും പരിഗണിച്ചു. അതു വിവാദമായതോടെ ബിനോയ് വിശ്വം ശക്തമായി എതിർത്തു.
ബിനോയ് വിശ്വവും മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്പോര് വരെ ഉണ്ടായി. അപ്പോൾ അഭിപ്രായസമന്വയം ഉണ്ടായില്ലെങ്കിൽ നിയമനടപടികളെ കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. അടുത്ത ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു അർഹതപ്പെട്ട കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി പറഞ്ഞത് .
ദേശീയ വിദ്യാഭ്യാസ നയം ഔപചാരികമായി അംഗീകരിക്കാൻ പി എം ശ്രീ വഴി കേന്ദ്ര സർക്കാർ നിർബന്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് മന്ത്രിയുമായി ചർച്ച ചെയ്ത് ഒരുമിച്ച് നിയമ യുദ്ധം നടത്താമെന്ന് പറഞ്ഞ ശിവൻകുട്ടിയാണ് മറുകണ്ടം ചാടിയത്. പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി.ആർ. അനിലും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പിന്നീടാണ് പാർട്ടിയും സർക്കാരും ഇടപെട്ടത്.
കരാർ ഒപ്പിട്ട സ്ഥിതിക്ക് മുന്നോട്ടുപോകുമെന്നാണ് മനസിലാക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കരാറിൽ നിന്ന് കേന്ദ്ര സർക്കാർ മാറില്ലെന്ന് പറഞ്ഞാൽ സി പി ഐക്ക് മുട്ടുമടക്കേണ്ടി വരും. കാരണം കരാർ റദ്ദാക്കണ്ടത് കേന്ദ്ര സർക്കാരാണ്. വിവാദങ്ങൾ അവസാനിച്ച ശേഷം കരാർ പൂർവാധികം ഭംഗിയോടെ മുന്നോട്ടുപോകുമെന്നാണ് മനസ്സിലാക്കുന്നത്. അതാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നലെ ഡൽഹിയിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha



























