മണ്ഡല കാലമെത്തി... പണ്ട് യുവതീ പ്രവേശനം ഇന്ന് ?ശബരിമലയിൽ വൻ അട്ടിമറി

ശബരിമലയിൽ മണ്ഡലകാലത്തിന് ആരംഭം കുറിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ സർക്കാർ തലത്തിലോ ദേവസ്വം ബോർഡ് തലത്തിലോ ഒരു യോഗം വിളിക്കാൻ പോലും തയ്യാറാകാതെ തീർത്ഥാടനം അട്ടിമറിക്കാൻ സർക്കാർ ഒരുങ്ങുന്നു. പി എസ് പ്രശാന്ത് പ്രസിഡണ്ടായിരുന്ന ബോർഡ് സ്ഥാനമൊഴിഞ്ഞിട്ടും കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ബോർഡ് പ്രവർത്തനം തുടങ്ങിയിട്ടില്ല. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ പുതിയ ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായി.
മണ്ഡലകാലത്തിന് ഒരാഴ്ച മാത്രം ശേഷിക്കേ എങ്ങുമെത്താതെയാണ് മുന്നൊരുക്കങ്ങള്‍. പമ്പാ അയ്യപ്പ സമ്മേളനത്തിന് ശേഷം കത്തിപ്പടര്‍ന്ന സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അടിമുടി ആടിയുലഞ്ഞതാണ് മുന്നൊരുക്കങ്ങള്‍ സ്തംഭിക്കാന്‍ പ്രധാന കാരണം. എന്നാല്‍ നിലവിലെ ബോര്‍ഡ് തുടര്‍ന്നേക്കും എന്ന ധാരണയോടെ ഏതാനും ദിവസം മുമ്പ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഒരുക്കങ്ങള്‍ വേഗതത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ ബോര്‍ഡിനെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതോടെ ഭരണ തുടര്‍ച്ച ഉണ്ടാവില്ലെന്ന് നിലവിലെ ബോര്‍ഡ് ഭരണസമിതിക്കു ബോധ്യമായി. ഇതോടെ തുടക്കമിട്ട കാര്യങ്ങളും നിലച്ചു. മുന്നൊരുക്കങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെച്ച് പുതിയ പ്രസിഡന്റിനെ പ്രതിരോധത്തിലാക്കി പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ് പ്രശാന്തും സംഘവും.
സാധാരണ മണ്ഡലകാലം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പു തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങുമായിരുന്നു. എന്നാൽ നവംബർ 17 ന് വ്യശ്ചികം ഒന്നാണെന്ന കാര്യം പോലും സർക്കാർ മറന്ന മട്ടാണ്. യാതൊരു ഒരുക്കങ്ങളും പൂർത്തിയായിട്ടില്ലെന്ന് സർക്കാർ സംവിധാനങ്ങൾ സമ്മതിക്കുന്നുണ്ട്. അവർ പടിയിറങ്ങിപോകുന്ന ബോർഡിന്റെ തലയിൽ ചാരിയിരിക്കുകയാണ് എല്ലാം.
വിവിധ വകുപ്പുകള്‍ ഏകീകരിച്ച് തീര്‍ത്ഥാടന കാലം വിജയിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ട അവലോകന യോഗങ്ങളും നടന്നിട്ടില്ല. പ്രധാനമായും കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, പോലീസ്, കെഎസ്ഇബി, വനം വകുപ്പ്, പിഡബ്ലിയുഡി, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ദേവസ്വം മന്ത്രി പോലും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതയായ ടി.കെ. റോഡിന്റെ അറ്റകുറ്റപണികള്‍ പാതിവഴി നിലച്ച അവസ്ഥയിലാണ്. തിരക്കേറുന്ന റോഡില്‍ കലുങ്കുനിര്‍മ്മാണം മാത്രമാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഇതു മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. തിരുവല്ല മുതല്‍ കോഴഞ്ചേരി വരെയുള്ള 17 കിലോമീറ്റര്‍ പാത പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
ശുചി മുറി ബ്ലോക്കുകള്‍ ശുചിയാക്കിയിട്ടില്ല. ഭക്തര്‍ ആചാരത്തിന്റെ ഭാഗമായി തുണികള്‍ പമ്പാ നദിയില്‍ ഉപേക്ഷിക്കുന്നതിനാല്‍ ജലം മലീമസമാണ്. വിരിപന്തലുകള്‍ വൃത്തിയാക്കിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടില്ല.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ വിരിവയ്‌ക്കാനുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. നാലുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിരിപന്തലിന്റെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പാര്‍ക്കിങ് മേഖലയിലെ കാട് പൂര്‍ണമായും വെട്ടിത്തെളിച്ചിട്ടുമില്ല. ശുചിമുറികളും വ്യത്തിയാക്കിയിട്ടില്ല.
അയ്യപ്പ ഭക്തരുടെ സംഗമ ഭൂമിയായ എരുമേലിയില്‍ നല്ലൊരു ആശുപത്രി പോലുമില്ല. അയ്യപ്പന്മാര്‍ വിരിവെച്ച് മണിക്കുറുകളോളം വിശ്രമിച്ച് അഴുത താണ്ടി കല്ലിടാംകുന്നും കരിമലയും കടന്ന് പാരമ്പര്യ പാതയിലൂടെ ശബരിമലയ്‌ക്ക് പോകുന്നത് എരുമേലിവഴിയാണ്. വിരിവെയ്‌ക്കാന്‍ പോലുമുള്ള സൗകര്യം ഇപ്പോഴും ഇവിടെയില്ലെന്നുള്ളതാണ് ദുഃഖകരമായ വസ്തുത.
കെഎസ്ആര്‍ടിസി യുടെ അവസ്ഥയാണ് ഏറെ ദയനീയം. എരുമേലി മാസ്റ്റര്‍ പ്ലാന്‍ എന്നത് കടലാസില്‍ ഒതുങ്ങുന്നു. ശബരിമല അവലോകന യോഗം നടന്നത് രണ്ടു ദിവസം മുമ്പു മാത്രം. എരുമേലി ഉള്‍പ്പെടുന്ന ദേവസ്വം മുണ്ടക്കയം ഗ്രൂപ്പില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ പോലുമില്ല.
ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ മഹാദേവ ക്ഷേത്രമാണ് ഇടത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അപര്യാപ്തതയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിലും സമാന അവസ്ഥയാണ്. സൗകര്യങ്ങളേക്കാള്‍ അസൗകര്യങ്ങളാണ് ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുഖമുദ്ര. ടെര്‍മിനല്‍ ബില്‍ഡിങ് പൊളിച്ചിട്ട് നാളേറെയായി.
നഗരത്തില്‍ ജനസാന്ദ്രത ഏറിയതിനാല്‍ ഗതാഗത കുരുക്കും ഏറെയാണ്. സ്വകാര്യ വാഹനങ്ങള്‍ ചെങ്ങന്നൂരില്‍ പാര്‍ക്ക് ചെയ്ത ശേഷം പമ്പയ്‌ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ ഏറെയുണ്ട്. അവരുടെ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സൗകര്യമൊന്നും ഇവിടെയില്ല. വിരിവെയ്‌ക്കാനും മതിയായ സൗകരമില്ല. ശബരിമല തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ട്രെയിനില്‍ ചെങ്ങുന്നൂരില്‍ എത്തിയാണ് യാത്ര തുടരുന്നത്. ഇവര്‍ക്ക് വേണ്ട താമസ സൗകര്യവും കുറവാണ്. ശുചിമുറികള്‍ വേണ്ടത്രയില്ല.
അന്നദാനം, കുടിവെള്ള കേന്ദ്രങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യമില്ലാത്ത സര്‍ക്കാര്‍ ആശുപത്രി എന്നിവയെല്ലാം പ്രശ്‌നമാണ്.
ശബരിമലയുടെ ഏറ്റവും അടുത്തുള്ള പ്രധാന നഗരം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയാണ്. ശബരിമലയില്‍ ഭക്തര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇവിടെയുള്ള ജനറല്‍ ആശുപത്രിയാണ്. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഇനിയും കാര്യക്ഷമമായിട്ടില്ല. ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്ന രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിടുകയാണ് പതിവ്. വര്‍ഷങ്ങളായിട്ടും ഈ പതിവിനു മാറ്റമില്ല, പരിഹാരവും. പത്തനംതിട്ടയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു വിഷയം. ഇവിടെയുള്ള ഇടത്താവളത്തില്‍ അന്നദാനം നടക്കുന്നുണ്ട് എന്നതു മാത്രമാണ് ഏകആശ്വാസം. വിരിവെയ്‌ക്കാനുള്ള കേന്ദ്രങ്ങളുടെ കുറവ് ശ്രദ്ധേയമാണ്.
തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ജില്ലയിലെ കുളിക്കടവുകള്‍ ഒന്നുപോലും വൃത്തിയാക്കിയിട്ടില്ല. കാനന പാതകളുടെ നവീകരണവും ബാക്കി നില്‍ക്കുന്നു. ഇത്തരത്തിൽ പരാധീനതകളാൽ പൊറുതിമുട്ടുകയാണ് ശബരിമലയും പരിസരവും. മുഖ്യമന്ത്രിയാണ് ശബരിമല അവലോകനയോഗങ്ങൾ വിളിച്ചിരുന്നത്. എന്നാൽ ശബരിമലയെ വിസ്മരിച്ച മട്ടാണ് മുഖ്യമന്ത്രിക്ക്. കെ ജയകുമാറിനെ അധ്യക്ഷനാക്കിയത് തന്നെ ശബരിമല തലയിൽ നിന്നും ഊരാൻ വേണ്ടിയാണ്. തീർത്ഥാടനം പാളിയാൽ അത് പുതിയ പ്രസിഡന്റിന്റെ തലയിലിരിക്കും. പ്രസിഡന്റ് ജയകുമാർ ആയതിനാൽ അത് നാണക്കേടായി മാറും. കാരണം ദേവസ്വം, ശബരിമല കമ്മീഷണറായി ജയകുമാറിന് ദീർഘ നാളത്തെ അനുഭവപരിചയമുണ്ട്. തികഞ്ഞ മര്യാദയോടെ ജീവിച്ച ജയകുമാറിനെ നാണം കെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജയകുമാറിനാകട്ടെ ഇതിൽ നാണക്കേടില്ല. കാരണം അദ്ദേഹം ചുമതലയേറ്റിട്ടില്ല
പ്രശാന്തിനാണ് തീർത്ഥാടനം പാളിയാൽ ഉത്തരവാദിത്തം. സർക്കാരിന് ഇക്കാര്യത്തിൽ പരിമിതമായ റോൾ മാത്രമാണുള്ളത്.ദേവസ്വം ബോർഡാണ് ഇക്കാര്യങ്ങൾ ക്രോഡീകരിക്കേണ്ടത്. പ്രശാന്തിന് ഭരണ തുടർച്ച ലഭിക്കുമെന്ന് ഉറപ്പായിരുന്നു.എന്നിട്ടും അദ്ദേഹം വീഴ്ച വരുത്തിയെങ്കിൽ അത് തെറ്റ് തന്നെയാണ്. എന്നാൽ ബോർഡിനെ തിരുത്തേണ്ട സമയത്ത് തിരുത്താൻ സർക്കാർ തയ്യാറായില്ല എന്നതാണ് വാസ്തവം. കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് കാര്യക്ഷമമായാണ് ശബരിമലവിഷയത്തിൽ ഇടപെട്ടിരുന്നത്. കടകം പള്ളി സുരേന്ദ്രന്റെ കാലത്തും മറിച്ചൊരു അഭിപ്രായം പറയാൻ സാധ്യമല്ല. എന്നാൽ വി എൻ വാസവന്റെ കാലം സർക്കാരിന് ചീത്ത പേര് കേൾപ്പിക്കും.
ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റെന്ന വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കങ്ങളുടെ സൂചനകളുമാണ് ഇതിനടിസ്ഥാനം. ഹൈക്കോടതി സംശയിച്ചത് പോലെ വിദേശ ബന്ധം വരെ ഇതിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ദ്വാരപാലക ശില്പങ്ങളിലെ പാളികൾ മാത്രമേ അങ്ങനെ ചെയ്തിട്ടുണ്ടാകൂ എന്നായിരുന്നു തുടക്കത്തിലെ സംശയം. എന്നാൽ, കട്ടിളയിലെ സ്വർണപ്പാളികളും അപ്പാടെ മാറ്റിയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം നീങ്ങുന്നതായാണ് വിവരം. കട്ടിളയിലെ പാളികളും ദ്വാരപാലകശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യഥാർഥംതന്നെ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തൽ.
ക്ഷേത്രശില്പ കലാരൂപങ്ങളുടെ മോഷണവും കടത്തും നവംബർ അഞ്ചിന് വന്ന ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പരാമർശിച്ചിരുന്നു. കോടതി നിർദേശപ്രകാരം ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസും പാളി കടത്തലിനെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചിരുന്നു. അത് അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ലെന്ന് മാത്രം. വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ വിജിലൻസ് എഴുതിയതിന്റെ അടിസ്ഥാനവും ഈ സംശയമായിരുന്നു. 2019 മാർച്ചിൽ ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശുന്നതിന് ദേവസ്വം ബോർഡിനെ സമീപിച്ചപ്പോൾത്തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക്, ഇവിടെ തട്ടിപ്പ് എളുപ്പമാണെന്ന തോന്നൽ ഉണ്ടാക്കാനായി.
ആദ്യ ശ്രമം വിജയിച്ചപ്പോൾ ഉണ്ടാക്കിയ ആത്മവിശ്വാസമാണ് കട്ടിളപ്പാളിയിലേക്കും ദ്വാരപാലക ശില്പങ്ങളിലേക്കും പോറ്റിയുടെയും ദേവസ്വം അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണെത്താനിടയാക്കിയത്. പഴയ വാതിലിൽ പൊതിഞ്ഞിരുന്ന 2519.760 ഗ്രാം സ്വർണത്തിന് പകരം പുതിയ വാതിലിൽ 324.400 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഖകളെ അടിസ്ഥാനമാക്കി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
പഴയ വാതിൽ അടുത്തിടെവരെ സന്നിധാനത്തെ അഷ്ടാഭിഷേക കൗണ്ടറിൽ ചാരിവെച്ചിരിക്കുകയായിരുന്നു. അതിലുണ്ടായിരുന്ന സ്വർണപ്പാളി സ്ട്രോങ് റൂമിലുണ്ടെന്നും ഇല്ലെന്നും പറയുന്നു. ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോർട്ട് വരുമ്പോൾ അതിന്റെ യാഥാർഥ്യമറിയാം.
ശ്രീകോവിലിലുള്ള വസ്തുക്കൾ കൊണ്ടുപോയി സ്വർണം മാറ്റുന്നതിനേക്കാൾ ലാഭം അവ അപ്പാടെ മറിച്ചുവിൽക്കുന്നതാകും നല്ലതെന്ന ചിന്തയാണ് കട്ടിളപ്പാളിക്കും ദ്വാരപാലകശില്പ പാളികൾക്കും സംഭവിച്ചത്. ശനിദോഷമകറ്റി ഐശ്വര്യവർധനയ്ക്ക് ഉപകരിക്കുമെന്ന പ്രചാരണം നടത്തിയുള്ള കടത്തിന് ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയം. ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ വിദേശയാത്രകൾ അന്വേഷിക്കുന്നതും ഇത്തരം സംശയങ്ങൾ ബലപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഹൈദരാബാദിലാണ് ഉരുപ്പടികളുടെ രൂപം പുതുതായി ഉണ്ടാക്കിയതെന്ന് കരുതുന്നു.
കാലപ്പഴക്കമുള്ള ചെമ്പുകൊണ്ടുള്ള രൂപങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളും അവിടെയുണ്ട്. 30 കൊല്ലം പഴക്കമുള്ള ചെമ്പുകൊണ്ട് പുതിയ രൂപങ്ങൾ ഉണ്ടാക്കിയാൽ, കാലപ്പഴക്ക പരിശോധനയിൽ പിടിക്കപ്പെടില്ല എന്ന അതിബുദ്ധിയും തട്ടിപ്പുസംഘം ഉപയോഗിച്ചിരിക്കാം എന്ന് സംശയിക്കുന്നുണ്ട്. വൃശ്ചിക പുലരിയിൽ ശബരിമലയിൽ നിന്നും വരുന്ന വാർത്തകൾ ഇത്തരത്തിലാണ്.എന്നാൽ ആരും മണ്ഡലകാലതത്തെ കുറിച്ച് സംസാരിക്കുന്നില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു മണ്ഡല കാലത്താണ് ശബരിമലയിൽ യുവതീപ്രവേശനം നടന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയെ തകർക്കാനാണ് പിണറായി സർക്കാർ തുനിഞ്ഞത്. പിണറായി നവോത്ഥാന നായകനാവാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് മാത്രമല്ല പിണറായിക്ക് കഷ്ടകാലം ആരംഭിക്കുകയും ചെയ്തു.എന്നിട്ടും തുടർ ഭരണം കിട്ടി . അപ്പോഴാണ് ശബരിമലയിലെ സ്വർണം മോഷ്ടിക്കാൻ തുടങ്ങിയത്. പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ച മനോഭാവം ഒന്നു കൊണ്ടുമാത്രമാണ് പിണറായിക്ക് തടി കേടാവാതെ നിൽക്കാൻ കഴിയുന്നത്. പ്രതിപക്ഷം പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണോ അതോ സർക്കാരിന് വേണ്ടിയാണോ എന്ന സംശയവും ആളുകൾക്കുണ്ട്.
ശബരിമല മണ്ഡലകാലം താറുമാറായാൽ അത് അയ്യപ്പ ഭക്തരുടെ കണ്ണുകളിലെ തീരാകണ്ണീരായി മാറും. യുവതീ പ്രവേശനം നടന്നപ്പോൾ ഉണ്ടായ അതേ അനുഭവം തന്നെയായിരിക്കും അത്. കോടി കണക്കിന് രൂപയുടെ വരുമാനമാണ് ശബരിമലയിൽ നിന്നും സർക്കാരിന് ശ്രമിക്കുന്നത്. ഇതൊന്നും ശബരിമലയുടെ വികസനത്തിന് വേണ്ടിയല്ല സർക്കാർ ഉപയോഗിക്കുന്നത്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് പിൻവലിക്കില്ലെന്ന തീരുമാനം തന്നെ സർക്കാരിന് ശബരിമലയോടുള്ള താത്പര്യം സൂചിപ്പിക്കുന്നു. . അഫിഡവിറ്റ് പിൻവലിക്കേണ്ടത് നിയമവകുപ്പും ദേവസ്വം വകുപ്പുമാണ്. എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി . എസ്. പ്രശാന്ത് നടത്തിയ പത്ര സമ്മേളത്തെ തുടർന്ന് അഫിഡവിറ്റ് പിൻവലിക്കണോ എന്നത് സംബന്ധിച്ച് നിയമ വകുപ്പ് നടത്തിയ അന്വേഷണങ്ങൾക്ക് തത്കാലം നിലവിലെ സ്ഥിതി തുടരാനാണ് ലഭിച്ച മറുപടി. അതായത് ജി.സുകുമാരൻ നായരെ പിണറായി പറ്റിച്ചുവെന്ന് ചുരുക്കം. സർക്കാരിന് എൻ എസ് എസ് പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ അത്തരം പുനർവിചിന്തനങ്ങളെല്ലാം ഉപേക്ഷിച്ചു.
സത്യത്തിൽ സുകുമാരൻ നായർ തന്റെ സമുദായത്തിലെ അംഗങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. വിവിധ പത്രങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ശബരിമല വിഷയത്തിൽ മന്ത്രി വി എൻ വാസവൻ രഹസ്യമായി അദ്ദേഹത്തിന് ഒരു ഉറപ്പ് നൽകി എന്നാണ്. അത് പിണറായി വിജയന്റെ അറിവോടെയാണ് എന്നാണ് സുകുമാരൻ നായർ വിശ്വസിക്കുന്നത്.
സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് ശബരിമലയിൽ യുവതി പ്രവേശം അനുവദിക്കണം എന്നാണ്. ആ കാര്യം സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജൈദീപ് ഗുപ്ത കോടതിയിൽ തന്റെ സബ്മിഷനിൽ പറഞ്ഞിട്ടുണ്ട്.
സംസ്ഥാന സർക്കാർ പരസ്യമായി എടുത്തതും, സുപ്രീം കോടതിയിൽ വിവിധ രേഖകൾ വഴി സ്ഥാപിക്കപ്പെട്ടതുമായ തീരുമാനത്തിന് വിരുദ്ധമായി എങ്ങനെയാണ് ഒരു മന്ത്രിക്ക് ഉറപ്പ് നൽകാൻ സാധിക്കുന്നത്. അതും വിഷയം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിൽ ഉള്ളപ്പോൾ? വിഷയം സുപ്രീം കോടതിയിൽ ഇരിക്കുമ്പോൾ പിണറായി സർക്കാരിന് അഫിഡവിറ്റ് പിൻവലിക്കാൻ കഴിയില്ല. ഇതിൽ നിന്നെല്ലാം ശബരിമലയിലെ ചതി വ്യക്തമാണ്.
https://www.facebook.com/Malayalivartha

























