അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ ജയിലിലടച്ച നടപടിക്കെതിരെ കേസിന് പോകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കേസില്‍ അന്തിമ വിധിപ്പകര്‍പ്പ് വരുന്നതുവരെ കോടതി വിധി അംഗീകരിച്ചേ പറ്റൂവെന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അമ്മയില്‍ ദിലീപ് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല. മാത്രമല്ല, അക്കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടത്. രാജിവച്ച് പോയ ആളാണ്. ഇനി മെമ്പര്‍ഷിപ്പിനായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്. അദ്ദേഹത്തെ എടുക്കണോ വേണ്ടയോ എന്ന തീരുമാനം കുറച്ചുപേര്‍ക്ക് മാത്രം സ്വീകരിക്കാന്‍ കഴിയില്ല. അത് ജനറല്‍ ബോഡി കൂടി തീരുമാനിക്കേണ്ടതുണ്ട്. അമ്മ ചാരിറ്റബിള്‍ സംഘടനയാണ്. ട്രേഡ് യൂണിയന്‍ പോലെയല്ല. ഒരു നടനെ പുറത്താക്കിയാല്‍ മറ്റ് അംഗങ്ങള്‍ പണിമുടക്കുമോ? താരപ്പൊലിമയുള്ളതുകൊണ്ട് മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു, അത്രമാത്രം.
എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി വിധിയാണ്. പല വിധികളില്‍ നിരാശയും സന്തോഷവും ഉണ്ടാവും. വിധിപ്പകര്‍പ്പ് 12ന് പുറത്തുവരും. അതുവരെ കോടതി വിധി അംഗീകരിച്ചേ പറ്റൂ. പക്ഷേ എന്റെ സങ്കല്‍പ്പത്തിലുള്ള കോടതി ഇതല്ല. നിലവിലെ ഭൗതിക സാഹചര്യത്തില്‍ പൗരനെന്ന നിലയില്‍ വിധിയെ അംഗീകരിക്കുന്നു. ഇനി അപ്പീല്‍ പോകാം. മറ്റ് കോടതികളുണ്ട്, ഡിവിഷന്‍ ബെഞ്ചുണ്ട്, സുപ്രീം കോടതിയുണ്ട്.
വിധിയില്‍ വ്യക്തിപരമായ അഭിപ്രായം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല. അങ്ങനെ പറയുന്നവരുടെ നിലപാടുകളെക്കുറിച്ച് നിങ്ങള്‍ക്കൊന്നുമറിയില്ല. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണം. എന്നിട്ട് തെളിയിക്കണം' ജോയ് മാത്യു വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























