കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്ന് ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് കൊച്ചുപറമ്പ് വീട്ടില്‍ അനന്തു പരാതി നല്‍കിയിരിക്കുന്നത്. യുവാവ് അഞ്ചു മാസമാണ് വേദനയും കൊണ്ട് നടന്നത്. പിന്നീട് അടുത്തുള്ള സഹകരണ ആശുപത്രിയില്‍ കൊണ്ട് കാണിക്കുകയും അവര് ചില്ലു മുറിവില്‍ നിന്ന് മാറ്റുകയുമായിരുന്നു.
ജൂലൈ 17 ന് രാത്രി വളഞ്ഞവഴിയില്‍ വച്ച് ബൈക്കില്‍ കാറിടിച്ച് അനന്തുവിന് പരുക്കേല്‍ക്കുന്നത്. ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചെന്നപ്പോള്‍ അവര്‍ കാലിലെ മുറിവ് തുന്നി കെട്ടി പ്ലാസ്റ്റര്‍ ഇട്ടു കൊടുത്തു വാര്‍ഡില്‍ അഡ്മിറ്റാക്കി. രണ്ടു ദിവസം കഴിഞ്ഞു പരിശോധന നടത്തി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞു തുന്നല്‍ എടുത്ത് അനന്തുവിനെ വിട്ടയക്കുകയും ചെയ്തു.
ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തില്‍ ജീവനക്കാരനാണ് അനന്തു. ഇതുമൂലം പിന്നീട് ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കാലില്‍ മുറിവ് പറ്റിയിടത്തു മുഴ വന്നിരിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നെയും വണ്ടാനം ആശുപത്രിയില്‍ ചെന്നെകിലും ഷുഗര്‍ കൂടുതലാണെന്നും ഐസിയുവില്‍ കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നും വേറെ ഏതേലും ആശുപത്രിയില്‍ പോകാനും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായി അനന്തു പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് പുന്നപ്ര സഹകരണ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയതും തുന്നലിട്ടിരുന്ന ഭാഗത്ത് ചില്ല് ഉള്ളതായി കണ്ടെത്തിയതും. ശസ്ത്രക്രിയയിലൂടെ കാല്‍മുട്ടിന്റെ ഭാഗത്തു നിന്ന് ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തു. അപകട സമയത്ത് മുറിവേറ്റ ഭാഗത്ത് തറച്ച് കയറിയ ചില്ലാകാം ഇതെന്നാണ് കരുതുന്നത്. ആശുപത്രി സൂപ്രണ്ടിന് പുറമെ ജില്ലാ കലക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കി.
https://www.facebook.com/Malayalivartha




















