നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ ബിജെപി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. പാര്‍ട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വേഗം സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം ഉള്‍പ്പെടെ 9 മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു. അഞ്ചിടത്ത് അന്‍പതിനായിരത്തിലേറെ വോട്ട് നേടി.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി അമിത് ഷാ ഈ മാസം കേരളത്തിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നുണ്ട്. ആറ്റിങ്ങല്‍, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് 2021ല്‍ ബിജെപി രണ്ടാമതെത്തിയത്. 17 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചു. ഇത്തവണ നില മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം.
ഇത്തവണ നേമത്തു മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 3,949 വോട്ടുകള്‍ക്കാണ് മന്ത്രി വി.ശിവന്‍കുട്ടി ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. 2016ല്‍ ബിജെപിക്കായി ഒ.രാജഗോപാല്‍ അക്കൗണ്ട് തുറന്ന മണ്ഡലമാണിത്. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ രംഗത്തിറങ്ങുന്നത് ഗുണകരമാകുമെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍ ഇതിന് അന്തിമ അംഗീകാരം നല്‍കേണ്ടത് കേന്ദ്ര നേതൃത്വമാണ്.
കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിര!ഞ്ഞെടുപ്പില്‍ ഇവിടെ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ 40,193 വോട്ട് നേടിയിരുന്നു. 2016ല്‍ വി.മുരളീധരന്‍ കടകംപള്ളിക്കെതിരെ നേടിയത് 42,732 വോട്ടാണ്. പാലക്കാട് മണ്ഡലത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും കായംകുളത്ത് ശോഭാ സുരേന്ദ്രനെയും മത്സരിപ്പിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ മികച്ച പ്രകടനമാണ് നടത്തിയത്.
https://www.facebook.com/Malayalivartha





















