വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി നേട്ടമാക്കി റിലയൻസ് .... എല്ലാം എണ്ണയ്ക്ക് വേണ്ടി !! എണ്ണയും സ്വർണവും ഇനി കത്തും!!!

വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
.
പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറെസിനേയും ന്യൂയോർക്കിലെ ഡീറ്റൻഷൻ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.
ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവന്നു. അമേരിക്കയുടെ പിടിയിലായിട്ടും അൽപം പോലും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ശനിയാഴ്ച നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡി ഇ എ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മഡൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ
സദ്ദാം ഹുസൈന്റേയും മുഅമ്മർ ഗദ്ദാഫിയുടേയും അവസാനകാലം ഓർമിപ്പിക്കുന്നതാണ് ട്രംപിന്റെ സൈന്യം വെനസ്വേലൻ ഭരണാധികാരിയ്ക്ക് നേരെയും പ്രയോഗിക്കുന്നത്. ശൂന്യതയിൽ നിന്നുയർത്തിയ രാസായുധമെന്ന പൊള്ളയായ വാദമായിരുന്നു ഇറാഖിന്റെ കാര്യത്തിൽ അന്നത്തെ അമേരിക്കൻ ഭരണാധികാരികൾ ചെയ്തിരുന്നതെങ്കിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കാര്യത്തിൽ അവരുടെ വാദം 'മയക്കുമരുന്നും ആയുധക്കടത്തു'മാണ്. ലോകത്തിന്റെ അഞ്ചിലൊന്ന് വരുന്ന എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേലയെന്നതാണ് എക്കാലത്തും ആ കൊച്ചുരാജ്യം വെട്ടിപ്പിടിക്കാൻ അമേരിക്കൻ ഇംപീരിയലിസത്തിന് പ്രേരണയായത് എന്നത് ലോകത്തിന് മുഴുവനുമറിയാം. 303 ബില്യൺ ബാരൽ ക്രൂഡ് റിസർവ് സ്വന്തമായുള്ള വെനിസ്വേലയുടെ അധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ് ആയുധബലത്തിന്റേയും കൊളോണിയൽ അവശിഷ്ടങ്ങൾ പകർന്ന അഹന്തയുടേയും കരുത്തിൽ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ റാഞ്ചിക്കൊണ്ടുപോവുകയെന്ന ആധുനികലോകത്തിലെ ഏറ്റവും കിരാതമായ നടപടിക്ക് അമേരിക്ക മുന്നിട്ടിറങ്ങിയത്.
കാര്യം എന്ത് തന്നെ ആയാലും വെനസ്വേലയെക്കെതിരെയുള്ള യുഎസിന്റെ സൈനിക നീക്കം നേട്ടമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ക്രൂഡ് ബിസിനസിൽ കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് കമ്പനിക്ക് ഗുണകരമായത്. വെനസ്വേലെയിൽനിന്നുള്ള ക്രൂഡിന്റെ ഉപരോധം നീക്കുന്നതോടെ ബ്രെന്റ് ക്രൂഡിനേക്കാൾ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാൻ റിലയൻസിന് സാധിക്കും. കമ്പനിയുടെ മൊത്തം ലാഭം മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നാണ് ജെഫറീസ് പോലുള്ള ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്.
തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ റിലയൻസിന്റെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 1,611.80 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21.6 ലക്ഷം കോടി രൂപയായി.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും(ONGC) ഈ നീക്കം ഗുണകരമായേക്കാമെന്നാണ് വിലയിരുത്തൽ. വെനസ്വേലയിലെ സാൻ ക്രിസ്റ്റോബൽ പ്രോജക്റ്റിൽ നിന്ന് 500 മില്യൺ ഡോളറിലധികം കുടിശ്ശിക ഒഎൻജിസിക്ക് ലഭിക്കാനുണ്ട്. യുഎസ് ഇടപെടലോടെ ഈ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത വർധിച്ചു. ആഗോളതലത്തിൽ എണ്ണവില സ്ഥിരമായി നിൽക്കുന്നതും മെച്ചപ്പെട്ട വിതരണ ശൃംഖലകളും റിലയൻസിന് ഹ്രസ്വ-ഇടക്കാലയളവിൽ നേട്ടമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2000-കളിലും 2010-കളിലും ഇന്ത്യ വെനസ്വേലൻ എണ്ണയുടെ പ്രധാന ഉപഭോക്താവായിരുന്നു. എന്നാൽ, യുഎസ് ഉപരോധങ്ങളെത്തുടർന്ന് 2019 മുതൽ ഉഭയകക്ഷി വ്യാപാരത്തിൽ വലിയ ഇടിവുണ്ടായി. ഉപരോധം ഭയന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചു. 2024 സാമ്പത്തിക വർഷത്തിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 1.4 ബില്യൺ ഡോളറായിരുന്നു. 2025ലാകട്ടെ 81.3% ഇടിഞ്ഞ് 255.3 മില്യൺ ഡോളറായി.
മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യയടക്കം രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
1989-ൽ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പാനമയിൽ ബോംബിട്ട് അവിടത്തെ ഭരണം അസ്ഥിരീകരിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. പട്ടാളമേധാവിയും ഏറെക്കുറെ അവിടത്തെ അനൗദ്യോഗിക പ്രസിഡന്റായി തുടരുകയും ചെയ്തിരുന്ന പട്ടാളമേധാവി മാന്വൽ നൊറീഗയെ തടവിലിടുകയും മരണപ്പെടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും ചെയ്ത ചരിത്രവുമുണ്ട് അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്ക്. മയക്കുമരുന്ന് ലോബിയുടെ ആൾ എന്നായിരുന്നു നൊറീഗയ്‌ക്കെതിരേയും ഉയർന്നുകേട്ട ആരോപണം.
വെനസ്വേലയുടെ തുറമുഖം നോട്ടമിട്ട അമേരിക്കൻ പടക്കപ്പലുകളും കരീബിയൻ ആകാശത്ത് നിബിഡമായ ചാരക്കണ്ണുകളും പൊടുന്നനവെയാണ് ആ കൊച്ചുരാജ്യത്തെ കീഴടക്കിയത്. വെനിസ്വേലൻ വിദേശകാര്യമന്ത്രി ഇവാൻ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് വെനസ്വേലയിൽ അമേരിക്ക അട്ടിമറി നടത്തിയത്. അന്താരാഷ്ട്രബന്ധങ്ങളിൽ വെനിസ്വേല പുലർത്തുന്ന പുതിയ നീക്കങ്ങളിലും ആഭ്യന്തരകാര്യങ്ങളിലുള്ള അവരുടെ സോഷ്യലിസ്റ്റ് അനുകൂല നിലപാടുകളിലും അമേരിക്ക തീർത്തും അസ്വസ്ഥമായിരുന്നു. സൈന്യത്തെ ഉപയോഗിച്ച് ഇറാഖിലും ലിബിയയിലും ബ്രസീലിലും കൊളംബിയയിലുമെല്ലാം നടത്തിയ നീചമായ അട്ടിമറിയുടെ മറ്റൊരു ഇരുൾ നിറഞ്ഞ എപ്പിസോഡാണ് വെനിസ്വേലയിൽ അമേരിക്ക പ്രയോഗിച്ച് വിജയിച്ചത്. ലോക ജനാധിപത്യചരിത്രക്രമ ത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ അധ്യായം.
വെനിസ്വേലയുടെ മുൻ ഭരണാധികാരി ഹ്യൂഗോ ഷാവെസിനെതിരേയും അട്ടിമറി ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. 1998 ൽ വർധിച്ച ജനപിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഷാവേസിനെതിരെ 2002 ൽ നടത്തിയ അമേരിക്കൻ അട്ടിമറി ശ്രമം പരാജയപ്പെട്ടുവെങ്കിലും രണ്ടു വർഷത്തിനു ശേഷം അവർ വിജയം കണ്ടു. ഷാവേസ് പുറത്തായി. അമേരിക്കയെ പിന്തുണച്ച വലതുപക്ഷ പാർട്ടിയായ സുമാറ്റെയ്ക്ക് ഭരണത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താനായില്ല. പ്രതിപക്ഷ നേതാവായിരുന്ന മരിയാ മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം നൽകിയെങ്കിലും അമേരിക്കയുടെ പാവയാകാൻ പ്രതിപക്ഷത്തുള്ള പലരും വിസമ്മതിച്ചു. അന്ന് മുതൽ അമേരിക്കയാരംഭിച്ചതാണ് ആ രാജ്യത്തെ സാമ്പത്തിക ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാൻ.
ഭരണഘടനാ ഭേദഗതിയിലൂടെ ഹൈഡ്രോ കാർബൺ പ്രശ്‌നത്തിനും എണ്ണ വിപണിയിലെ മൽസരനിയന്ത്രണത്തിനും മഡുറോ ശ്രമങ്ങൾ നടത്തി. കനേഡിയൻ - അമേരിക്കൻ എണ്ണക്കമ്പനിയായ എക്‌സോണും ഓസ്‌ട്രേല്യൻ എണ്ണക്കമ്പനിയായ ഷെവ്‌റോണും തമ്മിലുള്ള വാണിജ്യമൽസരം കൂടി വെനിസ്വേലയുടെ പുതിയ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് കളമൊരുക്കിയതായി നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ആത്യന്തികമായ എണ്ണവിപണിയിലെ കടുത്ത മൽസരത്തിലും അപ്രതീക്ഷിതമായ വൻലാഭത്തിലും അത് വഴി നേടാവുന്ന അപ്രമാദിത്തത്തിലും തന്നെയാണ് അമേരിക്കയുടെ കണ്ണ്. ബോംബിട്ട് മനുഷ്യരെ കൂട്ടക്കുരുതി നടത്തിയിട്ടായാലും ഭരണാധികാരികളെ തട്ടിക്കൊണ്ടുപോയിട്ടായാലും ഈ ലക്ഷ്യത്തിലേക്ക് അവർ നടന്നടുക്കും. അതിനാകട്ടെ പലവിധ ന്യായീകരണങ്ങൾ ചമയ്ക്കുകയും ആ ന്യായീകരണങ്ങൾക്ക് ആശ്രിതരാജ്യങ്ങളുടെ ഹല്ലേലുയ്യ ഉയരുകയും ചെയ്യുന്നതാണ് കണ്ട് വരുന്നത്.
ബസ് ഡ്രൈവറായി ജീവിതമാരംഭിച്ച മഡുറോ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തത്. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു.
2000-ൽ വെനസ്വേലൻ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഷാവേസ് തന്നെയായിരുന്നു മഡുറോയുടെ ഗുരു. വളരെ വേഗം നാഷണൽ അസംബ്ലി പ്രസിഡന്റായും തുടർന്ന് വിദേശകാര്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും ചില ലാറ്റിൻ അമേരിക്കൻ ഭരണാധികാരികളും പ്രതീക്ഷയോടെയാണ് ഈ നേതാവിനെ നോക്കിക്കണ്ടത്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട മഡുറോ, ഷാവേസിന്റെ മരണ ശേഷം പ്രസിഡന്റ് പദവിയിലെത്തി. ആഭ്യന്തരമായ പല പ്രതിസന്ധികളെയും അമേരിക്കൻ ഇടപെടലുകളെയും അതിജീവിച്ചാണ് മഡുറോ, വെനിസ്വേലയുടെ രാഷ്ട്രീയം നിയന്ത്രിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്നു എന്നായിരുന്നു മഡുറോ യ്ക്കെതിരെ ഉയർന്ന പ്രധാന ആരോപണം. കഴിഞ്ഞ വർഷം നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മൂന്നാമതും പ്രസിഡന്റായി അവരോധിക്കപ്പെട്ട ഈ നേതാവ് അറുപത്തിമൂന്നാം വയസ്സിൽ അവിചാരിതമായി രാജ്യഭ്രഷ്ടനായതോടെ അദ്ദേഹത്തിന്റെ പ്രതിയോഗികൾ തലസ്ഥാനമായ കാരക്കാസിലും മറ്റ് നഗരങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നുണ്ട്.
ദുഷ്ടനായ ഏകാധിപതിയായാണ് പലരുമിപ്പോൾ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. ഈ പതനത്തിൽ അമേരിക്കയോടൊപ്പം മഡുറോയെ വിമർശിക്കുന്ന ലോകനേതാക്കളുടെ എണ്ണവും വർധിച്ചു വരുന്നു. ജൂത കുടുംബത്തിൽ പിറന്ന മഡുറോ, ക്രൈസ്തവനായി മതപരിവർത്തനം നടത്തുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത വിശ്വസിക്കാമെങ്കിൽ പ്രസിഡന്റ് മഡുറോ, സത്യസായിഭക്തനുമായിരുന്നു.
2005-ൽ അദ്ദേഹം പുട്ടപർത്തിയിൽ സായിബാബയുടെ അനുഗ്രഹം തേടാനെത്തിയിരുന്നുവത്രെ. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്‌സിന് താൽക്കാലികമായി വെനസ്വേലയുടെ അധികാരം കൈമാറാൻ അമേരിക്ക തയാറായിട്ടുണ്ടെങ്കിലും അതെത്ര കാലം എന്നത് കണ്ടറിയേണ്ടതുണ്ട്- വെനസ്വലേയിലെ എണ്ണ ശേഖരങ്ങളാകെ അമേരിക്ക അധീനതയിലാക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ധാർഷ്ട്യം കലർന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
https://www.facebook.com/Malayalivartha






















