എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ: ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. താരം കുട്ടികള്‍ക്കായ് ഒരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. ഇപ്പോഴിതാ ഡാന്‍സ് മത്സരങ്ങളെ കുറിച്ച് താരം പറയുന്നത് ഒരിക്കലും മത്സരങ്ങള്‍ക്കായ് ഡാന്‍സ് പഠിക്കരുതെന്നാണ്. 'ഇവിടെ മത്സരങ്ങള്‍ക്കുവേണ്ടി പഠിപ്പിക്കാറില്ല. മത്സരങ്ങളില്‍ കൂടി എത്തിയ ആളാണല്ലോ ഞാന്‍ എന്ന് എല്ലാവരും ആലോചിക്കുന്നുണ്ടാകും. എന്റെ കരയുന്ന വീഡിയോ കാണാത്ത ആരുമുണ്ടാകില്ല. പക്ഷേ ഒരു ആവശ്യവുമില്ലാത്ത കരച്ചിലിലേക്ക് നമ്മള്‍ എന്തിനാണ് കുട്ടികളെ എത്തിക്കുന്നത്. ഇതൊരു കലയാണ്. ഈ കല പഠിക്കുന്നതില്‍ മത്സരത്തിന്റെ ആവശ്യമില്ല.
ഇവിടെ കോമ്പറ്റീഷന് വര്‍ണം പത്ത് മിനിറ്റാണ് കളിക്കുന്നത്. 20, 25 മിനിറ്റ് കളിക്കേണ്ട ഒരു വലിയ ഐറ്റമാണ് വര്‍ണം. വര്‍ണമൊക്കെ മത്സരത്തിന് ക്യാപ്‌സൂള്‍ പോലെയാക്കി അവതരിപ്പിക്കുന്നത് അന്യ സംസ്ഥാനത്തെ കലാകാരന്‍മാര്‍ പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് കാണുന്നത്. അപ്പോഴും മലയാളി കുട്ടികളുടെ കഴിവിനേയും ഇതൊക്കെ പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവിനെയും കുറിച്ച് ഞാന്‍ സംസാരിക്കാറുണ്ട്.
എല്ലാ കുട്ടികളോടും മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. ഇത്തരത്തിലുള്ള മത്സരമൊന്നും ജീവിതത്തില്‍ നമ്മളെ എവിടേയും എത്തിക്കില്ല. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ വല്ലാതെ ഹിറ്റ് ചെയ്ത് നമ്മളെതളര്‍ത്തിക്കളയാനായിരിക്കും അതിന് സാധിക്കുക. ഒരു കലാരൂപം പഠിക്കുന്നത് മത്സരിക്കാനല്ല. ജീവിതത്തില്‍ നമ്മള്‍ ഒരൊറ്റ മനുഷ്യനോടെ മത്സരിക്കാന്‍ പാടുള്ളു. അത് നമ്മളോട് തന്നെയാണ്. ഇന്നലത്തെ നമ്മളേക്കാള്‍ എത്ര മികച്ചതാണ് നാളത്തെ നമ്മള്‍ എന്നതില്‍ മാത്രമേ മത്സരത്തിന്റെ ആവശ്യമുള്ളു.
ഒരിക്കലും മത്സരിക്കാന്‍ പോകരുത്. ഞാന്‍ മത്സരങ്ങള്‍ക്ക് പഠിപ്പിക്കുന്നുമില്ല. കാരണം ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. മത്സരത്തിന്റെ ഇരയാണ് ഞാന്‍. ഇനിയൊരു കുട്ടിയും അതിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'നവ്യ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























