പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അടുത്ത അദ്യായന വര്‍ഷം പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പത്താംക്‌ളാസിലെ സോഷ്യല്‍സയന്‍സ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നുകുട്ടികള്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
'പത്താംക്ലാസിലെ സിലബസ് കൂടുതലാണെന്ന് കുട്ടികള്‍ക്ക് പൊതുവിലുള്ള പരാതിയാണ്. അതിനാല്‍ അടുത്തവര്‍ഷത്തെ സിലബസില്‍ ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ 25 ശതമാനം കുറയും എന്നുള്ള കാര്യംകൂടി ഞാന്‍ പറയുകയാണ്. അത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. പക്ഷേ, വലിപ്പം 25 ശതമാനം കുറയും' മന്ത്രി പറഞ്ഞു.
വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് പറഞ്ഞ് കാശുപിരിച്ചശേഷം വീടുനിര്‍മ്മിക്കാത്തവരുള്ള കാലത്താണ് മിഥുന്റെ കുടുംബത്തിന് വീടുവച്ചുനല്‍കിയതെന്ന് പറഞ്ഞ മന്ത്രി മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും തേവലക്കര സ്‌കൂളില്‍ ജോലി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. വിചാരിച്ചതിലും മുമ്പ് വീടിന്റെ പണികള്‍ തീര്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ പിതാവാണ് താക്കോല്‍ ഏറ്റുവാങ്ങിയത്.
മിഥുന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാലുസെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറികള്‍, ബാത്ത്‌റൂം, വായനമുറി, വരാന്ത എന്നിവ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പൂര്‍ത്തീകരിച്ചത്. 2025 ഓഗസ്റ്റ് 10ന് മന്ത്രി ശിവന്‍കുട്ടിതന്നെയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചതും.
https://www.facebook.com/Malayalivartha























