സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പുചെയര്‍മാന്‍ സി ജെ റോയി ജീവനൊടുക്കുംമുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് അശോക് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മര്‍ദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയെ തുടര്‍ന്ന് കേസിന്റെ അന്വേഷണം കര്‍ണാടക സിഐഡിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂര്‍ റോഡില്‍ റിച്ച് മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കാനായി ടി എ ജോസഫിനൊപ്പമാണ് റോയി ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയി റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തേക്കിറങ്ങിയ ജോസഫ് അല്പസമയത്തിനകം തിരികെയെത്തിയെങ്കിലും ക്യാബിനിലേക്ക് കയറാന്‍ സെക്യൂരിറ്റി അനുവദിച്ചില്ല.
ആരെയും ക്യാബിനിലേക്ക് കടത്തിവിടരുതെന്നാണ് റോയി ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അവര്‍ നല്‍കിയ വിശദീകരണം. പത്തുമിനിട്ടുകഴിഞ്ഞ ക്യാബിന് മുന്നിലെത്തിയ ജോസഫ് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ക്യാബിന്‍ ഉള്ളില്‍നിന്ന് അടച്ച നിലയിലായിരുന്നു. കതക് തകര്‍ത്താണ് ഉള്ളില്‍ കയറിയത്. അപ്പോള്‍ ഷര്‍ട്ടില്‍ നിറയെ ചോരയുമായി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പള്‍സ് ഇല്ലെന്ന് മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലന്‍സര്‍ പിടിപ്പിച്ച തോക്കാണ് റോയി ജീവനൊടുക്കാന്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha























