പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി

ചേങ്കോട്ടുകോണത്തെ മടവൂര്‍ പാറയില്‍ താമസിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പാര്‍പ്പിച്ചിരുന്ന നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റിത്തുടങ്ങി. കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെ മെറ്റില്‍ഡ എന്ന ഉദ്യോഗസ്ഥയാണ് വീട്ടില്‍ ഏഴുപതോളം തെരുവുനായ്ക്കളെ പാര്‍പ്പിച്ചിരുന്നത്. നായ്ക്കള്‍ കാരണം നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം പുറത്തുവന്നതിനുപിന്നാലെയാണ് തിരുവനന്തപുരം നഗരസഭ പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഇന്ന് മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സിന്ധു ശശി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് നായ്ക്കളെ മാറ്റാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നിലവില്‍ നായ്ക്കളെ നഗരസഭയുടെ എബിസി സെന്ററിലേക്ക് മാറ്റുകയാണ്. അവിടെ അവയ്ക്ക് ആവശ്യമായ വാക്‌സിനേഷനും മറ്റ് ചികിത്സകളും നല്‍കിയ ശേഷം സ്ഥിരമായ ഷെല്‍ട്ടറുകളിലേക്ക് മാറ്റും. ചേങ്കോട്ടുകോണത്തെ വീട്ടിലുള്ള പരമാവധി നായ്ക്കളെ ഇന്നുതന്നെ എബിസി സെന്ററിലെ സ്ഥല സൗകര്യം അനുസരിച്ച് മാറ്റും. ബാക്കിയുള്ളവയെ അടുത്ത ദിവസങ്ങളിലായി മാറ്റുമെന്നും മേയര്‍ അറിയിച്ചു.
ഏകദേശം രണ്ട് വര്‍ഷത്തോളമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഓംബുഡ്‌സ്മാന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരാതി നല്‍കിയിട്ടും പരിഹാരമാകാതിരുന്ന പ്രശ്‌നം മാദ്ധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























