കോണ്‍ഗ്രസിന്റെ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കൈമാറി: പാലക്കാട് മണ്ഡലത്തില്‍രമേശ് പിഷാരടിയെന്ന് സൂചന

50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്കു കൈമാറി. 10 സീറ്റുകളില്‍ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് ഇതില്‍ തീരുമാനമെടുക്കുക.
സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തില്‍ ചലച്ചിത്രതാരം രമേശ് പിഷാരടി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന. ഇവിടെ മുതിര്‍ന്ന നേതാവ് കെ.മുരളീധരന്റെ പേരും നേതൃത്വം പരിഗണിച്ചെങ്കിലും പിഷാരടിയുടെ പേര് ഏറെക്കുറെ അന്തിമമാണ്. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും.
പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളില്‍ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതിനു പുറമേ ടി.എന്‍.പ്രതാപന്‍ (മണലൂര്‍), വി.ടി.ബല്‍റാം (തൃത്താല), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂര്‍), വി.പി.സജീന്ദ്രന്‍ (കുന്നത്തുനാട്), ഐഷ പോറ്റി (കൊട്ടാരക്കര), കെ.പ്രവീണ്‍കുമാര്‍ (കൊയിലാണ്ടി), കെ.ജയന്ത് (കോഴിക്കോട് നോര്‍ത്ത്), കെ.എം.അഭിജിത്ത് (നാദാപുരം), വിദ്യ ബാലകൃഷ്ണന്‍ (എലത്തൂര്‍), കെ.എ.തുളസി (കോങ്ങാട്) എന്നിവിടങ്ങളില്‍ ഒറ്റപ്പേരായിട്ടുണ്ട്.
വൈക്കത്ത് സണ്ണി എം.കപിക്കാടിന്റെ പേര് പരിഗണനയിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തും. യുഡിഎഫുമായി സഹകരിക്കുന്ന പി.വി.അന്‍വര്‍ ബേപ്പൂരില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണ് കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha



























