ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി

ബിജെപി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് ഹൈക്കോടതി നിര്‍ദേശം. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബി.ഗോപാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവന മതവിദ്വേഷമുണ്ടാക്കുന്നതാണെന്നും ഗോപാലകൃഷ്ണനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.ഗോകുലാണ് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ആരാഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചു. മാത്രമല്ല, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ ഭരണസംവിധാനമാകെ നിശ്ചലമാകുന്നോ എന്നും കോടതി ചോദിച്ചു. കോടതി ഉത്തരവുകള്‍ പോലും പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ നടപ്പാകാതെ വരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഒട്ടേറെ പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍നിന്നുള്‍പ്പെടെ നീക്കം ചെയ്‌തെന്നും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഭരണ നിശ്ചലാവസ്ഥയില്ലെന്നും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് 2 മാസത്തിനകം തീരുമാനമുണ്ടാകണമെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























