ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ നടപടി... പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം

ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ ചുമത്തും. പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി അക്രമികൾക്കെതിരെ അതിശക്ത നടപടിയെടുക്കാനാണ് റെയിൽവേയുടെ തീരുമാനം. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ ആലുവ യു.സി കോളേജിലെ വിദ്യാർത്ഥിനി ഐശ്വര്യയ്ക്ക് കല്ലേറിൽ ഗുരുതര പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കേരളത്തിൽ ട്രെയിനിന് കല്ലേറ് വർദ്ധിച്ചു വരികയാണ്. കുട്ടികളും അന്യസംസ്ഥാനക്കാരും യുവാക്കളുമെല്ലാം പ്രതികളായ നൂറുകണക്കിന് കേസുകളുണ്ട്. കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ 1698കേസുകളാണ് രാജ്യത്തുണ്ടായത്. 665പേർ പിടിയിലായി .
കേരളത്തിൽ വന്ദേഭാരതിനു നേരേയടക്കം കല്ലേറുണ്ടായിട്ടുണ്ട്. ട്രെയിൻ അട്ടിമറി ലക്ഷ്യമിട്ട് എൻജിനുകൾക്കും കല്ലെറിയുന്നു.കല്ലേറ് തടയാനും പ്രതികളെ കണ്ടെത്താനും ആർ.പി.എഫ് പട്രോളിംഗ് ശക്തമാക്കി.
നിരന്തരം കല്ലേറുണ്ടാവുന്ന പ്രദേശങ്ങൾ ഹോട്ട്‌സ്പോട്ടുകളാക്കി ഡ്രോൺ, സി.സി.ടി.വി ക്യാമറയടക്കം നിരീക്ഷണ സംവിധാനങ്ങളൊരുക്കും. പതിവായി കല്ലേറുണ്ടാവുന്ന കൊല്ലം പെരിനാട് ഭാഗത്ത് ശക്തമായ നിരീക്ഷണമൊരുക്കി.
"
https://www.facebook.com/Malayalivartha


























