അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍

തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുമെന്നാരോപിച്ച് അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കല്‍ വീട്ടില്‍ ശാന്തകുമാരി (65) ആണു മരിച്ചത്. തര്‍ക്കത്തിനിടെ തലയ്‌ക്കേറ്റ അടിയാകാം മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ നട്ടാശേരി സ്വദേശി, നൊങ്ങലില്‍ വാടകയ്ക്കു താമസിക്കുന്ന പൂവത്തിന്‍കിഴക്കേതില്‍ എബി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ പരിശോധനകള്‍ക്കു ശേഷമേ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരുത്താനാകൂവെന്നു പൊലീസ് പറഞ്ഞു.
മണര്‍കാട് കുഴിപ്പുരയിടത്ത് ഇന്നലെ 2ന് ആണു സംഭവങ്ങളുടെ തുടക്കം. കസ്റ്റഡിയിലായ എബിയുടെ ഭാര്യവീടിന്റെ മുറ്റത്താണു പ്രത്യേക പോസ്റ്റിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ പണികള്‍ നടക്കുന്നതിനിടെ ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമകളുമെത്തി തടസ്സം നിന്നു. തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുമെന്നായിരുന്നു ആരോപണം. കയ്യില്‍ കരുതിയിരുന്ന മുളകുപൊടി ഇവര്‍ എറിഞ്ഞു.
ഇരുകുടുംബങ്ങളും തമ്മില്‍ വഴിയടക്കമുള്ള വിഷയങ്ങളില്‍ നിലനിന്നിരുന്ന തര്‍ക്കവും വഴക്കിനു കാരണമായെന്നു പൊലീസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ശാന്തകുമാരിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സമീപവാസി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മണര്‍കാട് പൊലീസാണു ശാന്തകുമാരിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് 4ന്. മക്കള്‍: അനശ്വര, അഭിനു. മരുമകന്‍: പ്രദീപ്.
https://www.facebook.com/Malayalivartha


























