പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി

തൃശൂർ കൊടകരയിൽ പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത കുട്ടി അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ് . ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ പ്രകാരം ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റർ സപ്പോർട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാകുന്നത്.
കുട്ടികൾക്ക് കടിയേറ്റ വീട്ടിൽ നിന്ന് പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി. മുറ്റത്ത് കിടപ്പുമുറിയോട് ചേർന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ഇത് ടൈലുകൾക്കിടയിലേക്ക് പോയെങ്കിലും മണ്ണെണ്ണ ഒഴിച്ചപ്പോൾ പുറത്തേക്കു വന്നു.
സംസ്കാരത്തിനു ശേഷം വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി വീട്ടുപറമ്പിലെ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി. വനത്തോടു ചേർന്നുള്ള പ്രദേശത്തെ വീട്ടിൽ ഞായർ പുലർച്ചെ രണ്ടു മണിയോടെ വയറു വേദനയും അസ്വസ്ഥതകളുമായി ഉണർന്ന അൽജോയെയും അനോഷിനെയും രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പു കടിയേറ്റതാകാമെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























