സി പി ഐയുടെഎതിർപ്പ് മറികടന്ന് പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....

സി പി ഐയുടെഎതിർപ്പ് മറികടന്ന് പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം. പി എം ശ്രീയുടെ നിയമവശം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം അറിയിച്ചു എൽഡിഎഫ് സർക്കാരാണ് കരാറിൽ ഒപ്പിട്ടതെന്നും പദ്ധതി സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു നയപരമായി തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു ഫെഡറൽ സംവിധാനത്തിൽ കേരളത്തിന് അർഹതപ്പെട്ട പണമാണ് എസ് എസ് കെ വിഹിതം . അത് നൽകുന്നതിന് ഉപാധി വയ്ക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. പി എം ശ്രീയുടെ ഏജൻസിയായ സമഗ്ര ശിക്ഷ കേരളം ഡയറക്ടർ എം എസ് സുപ്രീയയോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം . കേരളത്തിൽ ഭരണമാറ്റം സംഭവിച്ചിരിക്കെ പിഎം ശ്രീ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
പി എം ശ്രീയുടെ ആയിരം കോടി രൂപയിലേറെയാണ് കുടിശ്ശിക. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള പദ്ധതികൾക്കും ശമ്പളത്തിനുമായി 400 കോടിയിലേറെ രൂപ കേരളം സ്വന്തമായി ചെലവഴിച്ചെങ്കിലും കേന്ദ്രവിഹിതം അനുവദിച്ചില്ല. 2026 27 അധ്യയന വർഷം എസ് എസ് കെ ക്കുള്ള 440 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ പി എം ശ്രീ നടപ്പാക്കണം. ഇതാണ് കേരള സർക്കാറിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് പദ്ധതി നടപ്പാക്കുന്നതിൽ തെറ്റില്ലെന്ന നിഗമനത്തിൽ മന്ത്രിസഭ എത്തിയതെന്നറിയുന്നു.
സംസ്ഥാനത്ത് ഭരണമാറ്റം വന്നിരിക്കേ, പി.എം.-ശ്രീ സ്കൂളിൽ വീണ്ടും കേന്ദ്രസർക്കാർ സമ്മർദം തുടങ്ങി. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു. എൽ.ഡി.എഫ്. സർക്കാർ പി.എം.-ശ്രീ നടപ്പാക്കാനുള്ള കരാർ ഒപ്പിട്ടതിനാൽ, സ്കൂളുകൾ തുടങ്ങുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുനീങ്ങാൻ കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതോടെ, പുതിയ സർക്കാർ അധികാരമേറ്റാൽ പി.എം.-ശ്രീ സ്കൂളിന്റെ കാര്യത്തിൽ നയപരമായ തീരുമാനം വ്യക്തമാക്കേണ്ടിവരും.
മന്ത്രിസഭയെ മറികടന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പി.എം.-ശ്രീയിൽ ഒപ്പിട്ടത് കഴിഞ്ഞവർഷം വിവാദമായിരുന്നു. പ്രശ്നത്തിൽ സി.പി.ഐ. ഉടക്കിയതിനു പിന്നാലെ, പദ്ധതി മരവിപ്പിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിനു കത്തയച്ചു. സമവായമുണ്ടാക്കാൻ മന്ത്രിതല ഉപസമിതി രൂപവത്കരിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ മുന്നോട്ടുപോയില്ല. പദ്ധതിയിൽ ഒപ്പിടാതെ മാറിനിൽക്കുന്ന പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രം കത്തയച്ചു.
പി.എം.-ശ്രീ ഒപ്പിടാത്തതിന്റെപേരിൽ സമഗ്രശിക്ഷാ കേരള(എസ്.എസ്.കെ.)ത്തിനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഈ തടസ്സം നീങ്ങാൻ കരാറിൽ ഒപ്പിട്ടെന്നായിരുന്നു ഇടതുസർക്കാരിന്റെ വാദം. കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പിട്ടതിനുപിന്നാലെ, 92.41 കോടി രൂപ നൽകിയതൊഴിച്ചാൽ കേന്ദ്രം പിന്നീടൊരു തുകയും അനുവദിച്ചില്ല.
2026-27 അധ്യയനവർഷം എസ്.എസ്.കെ.യ്ക്കുള്ള 440 കോടി രൂപയുടെ കേന്ദ്രവിഹിതം ലഭിക്കണമെങ്കിൽ, പി.എം.-ശ്രീ നടപ്പാക്കണമെന്നതാണ് യു.ഡി.എഫ്. സർക്കാരിനുമുന്നിലെ വെല്ലുവിളി. പദ്ധതി മരവിപ്പിക്കാൻ എൽ.ഡി.എഫ്. സർക്കാർ കത്തയച്ചെങ്കിലും ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് കേന്ദ്രം സമ്മതിച്ചെങ്കിലേ പിന്മാറാനാവൂ.
2020ൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച നാഷണൽ എജ്യുക്കേഷൻ പോളിസി (എൻഇപിയുടെ) ഭാഗമായി 2022 സെപ്റ്റംബർ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുകയാണ് ലക്ഷ്യം. ഒരു ബ്ലോക്കിൽ രണ്ട് സ്‌കൂളുകളെ ഇതിനായി തെരഞ്ഞെടുക്കും. 27,360 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുക, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഇവയെല്ലാം 2020ലെ എൻഇപിയോട് ചേർന്ന് നിൽക്കുന്ന തരത്തിലായിരിക്കണമെന്ന് നിർദേശിച്ചിരുന്നു.
കേടുപാടുകൾ ഇല്ലാത്ത സ്‌കൂൾ കെട്ടിടം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ടോയ്‌ലെറ്റ് വീതമെങ്കിലും ഉണ്ടാവണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാമ്പുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ സ്‌കൂളുകൾക്ക് നിർദേശിച്ചിരുന്നു. ഇവ പ്രകാരമുള്ള ചാലഞ്ച് മോഡ് വഴിയാണ് സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, അധ്യാപകർ തുടങ്ങിയ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ അനുസരിച്ച് സ്‌കോറുകളും ഏർപ്പെടുത്തി. നഗര പ്രദേശങ്ങളിൽ 70 ശതമാനവും ഗ്രാമ പ്രദേശങ്ങളിൽ 60 ശതമാനവും സ്‌കോർ ലഭിച്ചാൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.
പദ്ധതിയുടെ നടത്തിപ്പിന് 60-40 എന്ന അനുപാതത്തിലായിരിക്കും ഫണ്ട് അനുവദിക്കുക. അതായത് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നൽകണം. ഒരു സ്‌കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. ഈ സ്‌കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്‌കൂളിന്റെ പേരിന് മുന്നിലായി പിഎം ശ്രീ എന്ന് ചേർക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. സ്‌കൂളുകളിൽ സംസ്ഥാന സിലബസ് ആയിരിക്കില്ല. എൻസിഇആർടി സിലബസ് ആയിരിക്കും നടപ്പിലാക്കുക.
ശാസ്ത്ര വിഷയങ്ങൾ, കല, സ്‌പോർട്‌സ് എന്നിവയിൽ പ്രത്യേക ഊന്നൽ നൽകും, ഗ്രൗണ്ട് അടക്കം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും, സയൻസ് സർക്കിൾ, ഗണിത സർക്കിൾ തുടങ്ങിയവ നടപ്പാക്കും. കൃഷിയുടെ പ്രോത്സാഹനത്തിനായി ഹരിത വിദ്യാലയയും പരിസ്ഥിതി, ജലസംരക്ഷണം തുടങ്ങിയവയ്ക്കായുള്ള പാഠ്യ പരിപാടികൾ എന്നിവ നടപ്പിലാക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ.
എൻഇപി അഥവാ നാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഫ്രെയിംവർക്കിലുള്ള പദ്ധതി ആയതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ഇടതു പാർട്ടികൾ വലിയ പ്രതിഷേധം ഇതിനെതിരെ ഉയർത്തിയിരുന്നു. എൻസിഇആർടി സിലബസിൽ കേന്ദ്രസർക്കാർ പലപ്പോഴായി കൊണ്ടുവന്ന മാറ്റങ്ങൾ ആർഎസ്എസ് താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതായിരുന്നുവെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ചരിത്രത്തെ കാവിവൽക്കരിക്കുന്ന സമീപനമാണെന്നും വിമർശനം ഉയർന്നു.
പദ്ധതിയിൽ ചേരണമെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തിൽ ഒപ്പു വെക്കേണ്ടതായുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നയം ഏറെക്കുറെ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന വിമർശനം ഇടതു പാർട്ടികളാണ് പ്രധാനമായും ഉയർത്തിയത്. വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗ്ഗീയവത്കരണവും പ്രോസ്താഹിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ഇടതുപക്ഷം നിലപാടെടുത്തു. 1986ലെ വിദ്യാഭ്യാസ നയം പൊളിച്ചുകൊണ്ടാണ് നരേന്ദ്രമോദി സർക്കാർ 2020ൽ എൻഇപി അവതരിപ്പിച്ചത്. പുതിയ നയത്തിലെ ഹിന്ദിക്കും സംസ്‌കൃതത്തിനും പ്രാധാന്യം നൽകുന്ന ത്രിഭാഷാ നയത്തിനെതിരെയാണ് തമിഴ്‌നാട് രംഗത്തെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നയമാണ് ഇതിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് ആരോപിച്ചു. പദ്ധതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്.
എസ്എസ്‌കെ ഫണ്ട് അടക്കം 1500 കോടി രൂപയോളം പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഫണ്ട് പാഴാക്കാൻ കഴിയാത്തതിനാലാണ് ഒപ്പ് വെച്ചതെന്നുമാണ് മുൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നൽകിയ വിശദീകരണം. ഈ ഫണ്ടുകൾ പദ്ധതിയിൽ ഒപ്പ് വെച്ചതിനാൽ ഉടൻ ലഭിക്കുമെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. ഫണ്ടുകൾ ലഭിക്കാനുളള തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.. എന്നാൽ എൻഇപി ഫ്രെയിംവർക്കിന് ഉള്ളിലുള്ള പിഎം ശ്രീയിൽ ഒപ്പുവെച്ചു കഴിഞ്ഞാൽ എൻഇപി നടപ്പാക്കേണ്ടി വരും. അത് നടപ്പാക്കാതെ മുന്നോട്ടു പോകാൻ എങ്ങനെ കഴിയും എന്നതാണ് പ്രധാന ചോദ്യം.
പദ്ധതി നടപ്പാക്കാനുള്ള ന്യായമായി വി. ശിവൻകുട്ടി പറഞ്ഞത് ഇതാണ് .
'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികൾക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കിൽ അതൊഴിവാക്കാം. സിപിഐക്കു എതിർപ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു.
പിഎം ശ്രീ ഒരു സിപിഎം-സിപിഐ തർക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരിൽ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.
'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയിൽ പങ്കാളിയാവുന്നത് ഇടതുസർക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നൽകാത്തതിൽ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാൽ ആ പണം ജനങ്ങൾ തരും. ബംഗാളിൽ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാർട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. ആർഎസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസർക്കാർ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തിൽ ലേഖനവും വന്നു.
സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎം-ശ്രീ സ്‌കൂൾ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം ഇടതുമുന്നണി ചർച്ചചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ അറിയിച്ചു. സിപിഐയുടെ എതിർപ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയിൽ ചർച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാൽ ഇതെല്ലാം മറികടന്നാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിൽ ബ്രാൻഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സർക്കാരിന്റെ എതിർപ്പുണ്ടായിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളിൽ സംസ്ഥാന സിലബസിന് പകരം എൻസിആർടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്.
ആർഎസ്എസ് സങ്കൽപ്പത്തിലുള്ള ദേശീയത അടിച്ചേൽപ്പിക്കുക, ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങൾ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങൾ.
ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂൾ മുതൽ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതൽ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതൽ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതൽ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തിൽ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേർന്നുപോകുന്നതല്ല.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങൾക്ക് അർഹതപെട്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
പിഎം ശ്രീയിൽ കേരളത്തിന്റെ മനംമാറിയെങ്കിലും തമിഴ്‌നാട് നിയമപോരാട്ടത്തിലാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോൾ കോടതിയെ സമീപിച്ച് തമിഴ്‌നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സ്വകാര്യവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാർഥിപ്രവേശനം തമിഴ്‌നാട് നിർത്തിവെച്ചിരുന്നു. പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടർന്ന്, രണ്ട് അധ്യയനവർഷങ്ങളിലായി ആർടിഇ ഘടകത്തിൽ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. എന്നാൽ കേരളത്തിൽ എന്തുസംഭവിക്കും?
പഴയ മുസ്ലീം ലീഗല്ല ഇന്നത്തെ ലീഗ്. അവർക്ക് ബി ജെ പിയോട് തൊട്ടുകൂടായ്മയില്ല. സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കുകയാണ് പുതിയ ലീഗിന്റെ ലക്ഷ്യം. പത്തു വർഷത്തിലധികമായി അധികാരത്തിന് പുറത്തിരുന്ന ശേഷമാണ് ലീഗ് ഭരണത്തിലെത്തുന്നത്. അതുകൊണ്ടു തന്നെ അവർക്ക് രാഷ്ട്രീയം കളിക്കുന്നതിനോട് താത്പര്യമുണ്ടാവില്ല. സംസ്ഥാനത്തിന്റെ വിശാലലക്ഷ്യം മുൻനിർത്തി ഉപാധികളോടെ പി എം ശ്രീ നടപ്പാക്കാനായിരിക്കും ലീഗ് താത്പര്യപ്പെടുക.എസ് എഫ് ഐക്ക് പണിയാകുമെന്ന് മാത്രം പറഞ്ഞാൽ മതി.
https://www.facebook.com/Malayalivartha























