പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ... സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലേക്ക് ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കുന്ന ചടങ്ങിൽ, സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും വീട്ടിൽനിന്ന് ആരും തന്നെ അന്വേഷിച്ചു വിദ്യാലയത്തിൽ വന്നിട്ടില്ലെന്ന് വി.ഡി. സതീശൻ ഓർമ്മിക്കുകയായിരുന്നു.
പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽ നിന്ന് ആളെ വിളിച്ചുകൊണ്ടുവരാനായി അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. കോളേജിൽ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ ഏറെയും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താല്പര്യമാണ് കാണിക്കുന്നത്.
അതേസമയം അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണമെന്നും കുട്ടികളിലെ പ്രത്യേക കഴിവുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യബുദ്ധിയേക്കാൾ വേഗത്തിൽ വളരുകയാണ്. മനുഷ്യചരിത്രത്തിൽ ആദ്യമായി സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി നിർമ്മിത ബുദ്ധി മാറുകയാണ്.
അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം സന്ദേശം നൽകി.
https://www.facebook.com/Malayalivartha























