'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി ആ മേശയുടെ മുകളില്‍ കയറി ഇരുന്നു..ക്ലാസിൽ നടന്നത് ഇത്

ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവും അനുഭവപ്പെട്ട മാനസിക വിഷമവും പങ്കുവെച്ച് തൃശ്ശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനും കാഴ്ചപരിമിതിയുള്ള വ്യക്തിയുമായ മണികണ്ഠനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയത്.
തന്നെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ അതിന് പിന്നിലെ യഥാര്‍ത്ഥ സംഭവം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് ഒരു അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റ് തന്നെയാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.
'ഞാന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് മറ്റൊരു ടീച്ചര്‍ വന്ന് വാതിലില്‍ തട്ടിയത്. ആ ടീച്ചര്‍ ക്ലാസിലേക്ക് കയറിയ ഉടനെ ഒരു കുട്ടിയോട് 'എന്താടാ നീ മേശപ്പുറത്ത് കയറിയിരിക്കുന്നത്' എന്ന് ചോദിച്ചു. കാഴ്ചാപരിമിതിയുള്ള ആളാണ് ഞാന്‍. 40 കുട്ടികളോളം ആ സമയം ക്ലാസിലുണ്ട്. അവരുടെ മുന്നില്‍ എന്നെ ഒരു കോമാളിയാക്കി നിര്‍ത്തുന്ന അവസ്ഥയായിരുന്നു അത്. മുന്‍കാലങ്ങളിലും ആ കുട്ടിയില്‍ നിന്നും മറ്റ് കുട്ടികളില്‍ നിന്നും ഇതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അപ്പോള്‍ എനിക്ക് വലിയ വിഷമമായി.
പെട്ടെന്ന് ദേഷ്യവും വിഷമവുമെല്ലാം ഇരച്ചുകയറി. അപ്പോള്‍ തോന്നിയ ഒരു വികാരത്തിലാണ് അങ്ങനെ ചെയ്തുപോയത്. പറ്റിപ്പോയി. നിങ്ങള്‍ക്ക് കാഴ്ചകുറവുണ്ടായാല്‍ മാത്രമേ അതിന്റെ വേദനയും വിഷമവും മനസ്സിലാക്കാന്‍ സാധിക്കൂ. എന്നെ കോമാളിക്ക് തുല്യമായാണ് കുട്ടികള്‍ അവിടെ നടത്തിയത്. എന്തൊക്കെയാണ് അവര്‍ അവിടെ ചെയ്തുകൂട്ടിയതെന്ന് കാഴ്ചയില്ലാത്തതുകൊണ്ട് എനിക്ക് കാണാന്‍ പറ്റില്ലല്ലോ. അപ്പോള്‍ ഉണ്ടായ ഒരു വികാരതള്ളിച്ചയില്‍ പറ്റിപ്പോയതാണ്.'-അധ്യാപകന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മര്‍ദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികള്‍ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി അധ്യാപകന്റെ വീഡിയോ പുറത്തുവന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ മണികണ്ഠന്‍ മാസ്റ്റര്‍. ഒരു സ്‌കൂള്‍ അധ്യാപകനാണ്. രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഭവം ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ്. തെറ്റിലേക്ക് എന്നെ നയിച്ച സംഭവങ്ങള്‍ കൂടി എല്ലാവരും അറിയണം എന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. അതിനാണ് ഞാന്‍ ഈ വീഡിയോയിലൂടെ നിങ്ങളോട് സംസാരിക്കുന്നത്.
ഞാന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്. ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടീച്ചര്‍ വാതിലില്‍ വന്നു നില്‍ക്കുന്നു. കുട്ടികള്‍ക്ക് എന്തോ മെസ്സേജ് നല്‍കാന്‍ ആയിട്ടാണ് ടീച്ചര്‍ വരുന്നത്. ടീച്ചര്‍ കുറച്ചധികം ഉയരമുള്ള ആളാണ്. 'എന്താ മേശപ്പുറത്ത് കയറി നില്‍ക്കുന്നത്?' എന്ന് ചോദിച്ചപ്പോഴാണ് (കുട്ടി അത് ചെയ്യുന്നത് ശ്രദ്ധിക്കുന്നത്).
അപ്പോള്‍, എനിക്ക് കാഴ്ചപരിമിതിയുള്ള ഒരു ആളാണ് ഞാന്‍, കാഴ്ചയില്ലാത്ത ഒരാളാണ്. അപ്പോള്‍ ഇത്രയും (നാല്‍പ്പതോളം) കുട്ടികള്‍ ആ ക്ലാസില്‍ ഇരിക്കുന്നു, അവരുടെ മുന്നില്‍ എന്നെയൊരു കോമാളിയാക്കിയിട്ടാണ് എന്നെ ആ കുട്ടി കാണിച്ചിരിക്കുന്നത്. ആ മേശയുടെ മുകളില്‍ കയറി ഇരിക്കുക!
അപ്പോള്‍ മുന്‍കാലങ്ങളിലും ആ കുട്ടിയില്‍ നിന്നോ മറ്റു കുട്ടികളില്‍ നിന്നോ എന്നെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ? എനിക്ക് അത്രയും വിഷമമായി. സങ്കടവും ദേഷ്യവും എല്ലാം കൂടിയ ഒരു മനോവിഷമം ഉണ്ടമായി. അപ്പോള്‍ പെട്ടെന്ന് തോന്നിയ ഒരു വികാരത്തിലാണ് ഞാന്‍ ആ കുട്ടിയെ അടിച്ചത്. ചെയ്യാന്‍ പാടില്ലാത്തതാണ്, പറ്റിപ്പോയി.
അല്ലാതെ ഒരിക്കലും ഒരു വൈരാഗ്യ ബുദ്ധിയോടെ കൂടി കുട്ടികളോട് ചെയ്യുന്നതല്ല. നിങ്ങള്‍ അത് മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാല്‍, ഞാന്‍ നിങ്ങളിലൊരാളായി നില്‍ക്കുകയാണ്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും കാഴ്ചക്കുറവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ വേദന അറിയാം. ഇത്രയും കുട്ടികളുള്ള ക്ലാസില്‍ എന്നെ കോമാളിക്ക് തുല്യമായിട്ടാണ് കുട്ടികള്‍ ചെയ്തിരുന്നത്. മേശപ്പുറത്ത് കയറിയിരിക്കുക, ഇനി എന്തൊക്കെ എന്നോട് ചെയ്തിരുന്നു എന്ന് എനിക്ക് കാണാന്‍ കഴിയില്ലല്ലോ! ആ അപ്പോഴുണ്ടായ ഒരു വികാരം കൊണ്ട് പറ്റിപ്പോയതാണ്. ഇത് എല്ലാവരും ഒന്ന് മനസ്സിലാക്കണം.'
https://www.facebook.com/Malayalivartha






















