വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന മറ്റൊരു സംഭവം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല, പിണറായി ഇപ്പോൾ ഏറ്റവുമധികം വെറുക്കുന്നത് വി എസ് അച്ചുതാനന്ദനെയാണ്. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആത്മാവ് പിണറായിയെ വേട്ടയാടുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നലെ ഹൈക്കോടതിയിൽ കണ്ടത്. ഹൈക്കോടതിയുടെ കക്ഷത്താണ് ഇപ്പോൾ പിണറായിയുടെയും മക്കളുടെയും തല. തള്ളി കളയേണ്ട ഒരു കേസാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് വാദം കേൾക്കാൻ തീരുമാനിച്ചത്. അതും അച്ചുതാനന്ദന്റെ ശിഷ്യൻ നൽകിയ കേസ്. പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ വിവരങ്ങൾ സമർപ്പിക്കാനാണ് ഇ.ഡിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. മുദ്രവച്ച കവറിൽ ഇക്കാര്യങ്ങൾ അറിയിക്കാനാണ് ജസ്റ്റിസ് എ.ബദറുദീന്‍ ഇന്നലെ ഇ.ഡിക്ക് നിർദേശം നൽകിയത്. ഇ.ഡി ചൂണ്ടിക്കാട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിന് മുൻപ് എഫ്ഐആർ റജിസ്റ്റർ ചെയ്യണോ എന്നതിൽ ഹൈക്കോടതി വിശദവാദം കേൾക്കും. ഇത് ഗൗരവമുള്ള വിഷയമാണെന്നും നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നു കാട്ടി വി എസിന്റെ മുൻ സ്റ്റാഫ് ഓഫീസർ കെ.എം.ഷാജഹാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുമ്പാകെയുള്ളത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങൾ നൽകിയത് മുൻനിർത്തിയാണ് ഹർജി. വിഷയം വിജിലൻസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഗതി വിജിലൻസിന്റെ കൈയിൽ കിട്ടിയാൽ അപ്പോൾ തന്നെ അന്വേഷിക്കാൻ തീരുമാനിക്കും.
ഹർജിക്കാരന്റെ ആവശ്യത്തെ ഇ.ഡിയും പിന്തുണച്ചു. പിഎംഎൽഎ നിയമം 66(2) പ്രകാരം ഇത്തരമൊരു വിവരം പൊലീസിനു കൈമാറിയാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. അതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ മറ്റു മാർഗങ്ങളില്ലെന്നും ഇ.ഡി വാദിച്ചു. എന്നാല്‍ എഫ്ഐആറിനു മുമ്പ് സർക്കാരിന് അന്വേഷണം നടത്താമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന കാര്യം അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി. വിഷയത്തിൽ പൊതുതാല്‍പര്യം ഉണ്ടെന്നു പറഞ്ഞാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനായി പൊതുതാൽപര്യ ഹർജിയാണ് നൽകേണ്ടതെന്നും നിലവിലെ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ പറഞ്ഞു. തുടർന്നാണ് വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.
ഇവിടെയാണ് ഐറണി. സർക്കാർ ഇത്തരം ഒരു സാങ്കേതികവശം ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ ഷാജഹാന്റെ ഹർജി ഹൈക്കോടതി തള്ളേണ്ടതായിരുന്നു. തള്ളുമെന്ന് സർക്കാരും പിണറായിയും പ്രതീക്ഷിച്ചു. എന്നാൽ തള്ളിയില്ല. ഹൈക്കോടതിയിൽ സർക്കാരിനും പ്രതിപക്ഷത്തിനും ഭയം ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ്. തന്റെ മുന്നിലുള്ള കേസുകളിൽ നിർഭയമായി തീരുമാനമെടുക്കുന്നയാളാണ് ജസ്റ്റിസ് ബദറുദീൻ. എങ്ങനെയെങ്കിലും ഈ ബഞ്ചിൽ നിന്നും കേസുകൾ തട്ടണമെന്നാണ് തത്പര കക്ഷികളുടെ ആവശ്യം. ജസ്റ്റിസ് ബദറുദീൻ അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് എല്ലാവർക്കുമറിയാം,
പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ അന്വേഷണം എന്ന ഇതുവരെയുള്ള രാഷ്ട്രീയ ചിത്രം മാറുകയാണ് . പിണറായി വിജയൻ തന്നെ അന്വേഷണവിഷയമാകുകയാണ്. . മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷനേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമാണ് അന്വേഷണപരിധിയിൽ. 10 വർഷം പൊലീസിനെ നിയന്ത്രിച്ചിരുന്ന നേതാവ് പൊലീസ് അന്വേഷണത്തിനു വിധേയനാകുന്നു. ഭരണനഷ്ടത്തിനു പിന്നാലെ കേന്ദ്ര–സംസ്ഥാന അന്വേഷണ ഏജൻസികളാൽ സിപിഎം വരിഞ്ഞുമുറുക്കപ്പെടുകയാണ്.
അന്വേഷണം രാഷ്ട്രീയ പകപോക്കലായി വിശേഷിപ്പിച്ച് തെരുവിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രത്യാക്രമണ സൂചനയാണ് സിപിഎം നൽകുന്നത്. എന്നാൽ പാർട്ടിക്കോ പിണറായിക്കോ ഇത് അപ്രതീക്ഷിതമല്ല. മുഹമ്മദ് റിയാസുമായി ബ ന്ധപ്പെട്ട ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കാനുള്ള സാധ്യത പാർട്ടി മുന്നിൽക്കണ്ടിരുന്നു. അപ്പോഴും പക്ഷേ വിജിലൻസ് അന്വേഷണമാണ് പ്രതീക്ഷിച്ചത്. ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണം കണക്കുകൂട്ടിയതല്ല.
എഫ്ഐആർ റജിസ്റ്റർ ചെയ്തുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻവാങ്ങിയതിന്റെ ആശ്വാസം ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കുണ്ട്. എന്നാൽ അന്വേഷണത്തിന്റെ ഘട്ടവും അതിലൂടെ പുറത്തുവരാവുന്ന വിവരങ്ങളും നിർണായകമാണ്; പിണറായിയേക്കാൾ ഒരു പക്ഷേ റിയാസിന്. ഇ.ഡിയുടെ കത്തിൽ അദ്ദേഹത്തിനെതിരെയുള്ള ഹവാല ആക്ഷേപങ്ങളാണ് അന്വേഷണത്തിനു വഴി തെളിച്ചത്.
ഏതാനും ദിവസം മുൻപ് കർണാടക പൊതുമരാമത്തു മന്ത്രിക്കെതിരെ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ കോൺഗ്രസ് അതിനെതിരെ ശക്തമായി രംഗത്തുവന്നതാണ്. അതേസമയം ഇവിടെ ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിലെ കണ്ടെത്തലുകളും അതിന് ആധാരമായി നിരത്തിയ തെളിവുകളും അവഗണിക്കാനാകുന്നതായിരുന്നില്ല. ഇ.ഡിയെ അതേപടി മുഖവിലക്കെടുത്തുമില്ല; അവർ പറഞ്ഞതെല്ലാം സ്വീകരിച്ചുമില്ല. ഈ നിലപാടാണ് പ്രാഥമികാന്വേഷണത്തിനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഫലിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പുദിനം രാവിലെ സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ വാർത്താസമ്മേളനം വിളിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ട അന്വേഷണം പ്രഖ്യാപിച്ച പിണറായിയോട് അനുഭാവം വേണ്ടെന്ന അഭിപ്രായം കോൺഗ്രസിലെ ഉന്നതതല ചർച്ചകളിൽ ഉയരുകയും ചെയ്തിരുന്നു. പിണറായിയെ വെറുതെ വിടരുതെന്ന് തന്നെയാണ് കോൺഗ്രസിലെ ഒരു വലിയ വിഭാഗം നേതാക്കളും പറയുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുനർജനി കേസിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണം നടന്നിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ഭൂമിദാനക്കേസിൽ വിഎസും വിജിലൻസ് അന്വേഷണത്തിനു വിധേയനായിട്ടുണ്ട്. അതേ സമയം ഇപ്പോഴത്തെ നടപടികളിൽ ഒരു കേന്ദ്ര അന്വേഷണ ഏജൻസി കൂടി കക്ഷിയാണെന്ന വ്യത്യാസമുണ്ട്. അവരുടെ കൂടുതൽ കടന്നു വരവുകളും ഇതോടെ ഉണ്ടാകാം മകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മരുമകനും ഈ അന്വേഷണ പരിധിയിൽ പെടുന്നു എന്നതും പിണറായിക്ക് ഉത്കണ്ഠ നൽകും.
വിഎസിനെതിരെ അന്വേഷണം നടന്നപ്പോൾ ഇടപെടാതെ മാറി നിൽക്കുകയാണ് സിപിഎം ചെയ്തത്. എന്നാൽ പിണറായിക്കും റിയാസിനും കേന്ദ്ര–കേരള നേതൃത്വങ്ങളുടെ പിന്തുണയുണ്ട്. പക്ഷേ മുൻ മുഖ്യമന്ത്രിയും കുടുംബവും അന്വേഷണ വലയിൽ പെടുമ്പോൾ അസുഖകരമായ കാഴ്ചകളാകും വരാനിരിക്കുന്നതെന്ന് ആശങ്കപ്പെടുന്നവരും പാർട്ടിയിലേറെയാണ്.വി എസിന്റെ പരീക്ഷണ കാലത്ത് പിണറായിയായിരുന്നു പാർട്ടി സെക്രട്ടറി. അദ്ദേഹം വി എസിനോട് ഒരു ദയയും കാണിച്ചില്ല.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇ.ഡി നൽകിയ കത്തിലെ ഹവാലയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിതുറന്നത്. പൊതുപ്രവർത്തകർ നടത്തുന്ന അഴിമതിയിൽ സാധാരണനിലയിൽ വിജിലൻസാണ് അന്വേഷണം നടത്തുക. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിൽ റിയാസുമായി ബന്ധപ്പെട്ടുള്ള ഹവാല ഇടപാടുകൾ സംബന്ധിച്ച അതീവ ഗുരുതര ആരോപണങ്ങളുമുണ്ട്. ഹവാല കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ വിജിലൻസിനാവില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കാൻ ആലോചനയുണ്ടായത്.
അഴിമതിനിരോധന നിയമത്തിലൂന്നിയായിരിക്കും പിണറായിക്കെതിരെ അന്വേഷണം. മകൾ ടി.വീണയിലൂടെ സിഎംആർഎലിൽനിന്ന് അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന ഇ.ഡി നിഗമനമാകും അന്വേഷിക്കുക. കൈക്കൂലി ആരോപണം തെളിഞ്ഞാൽ, കേസ് വിജിലൻസിനു കൈമാറാൻ സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്തേക്കാം.
അഴിമതിനിരോധന വകുപ്പിനു പുറമേ, ഹവാല ഇടപാടു സംബന്ധിച്ച അന്വേഷണവും റിയാസിനെതിരെ നടത്തും. വീണയ്ക്കെതിരെയും ഹവാല ഇടപാട് സംബന്ധിച്ചായിരിക്കും അന്വേഷണം. സിഎംആർഎൽ കമ്പനി വീണയ്ക്ക് നൽകിയ 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന ഇ.ഡി ആരോപണത്തെക്കാൾ ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡി പറയുന്ന വിവരങ്ങളിലും തെളിവുകളിലുമാകും ക്രൈംബ്രാഞ്ച് ശ്രദ്ധയൂന്നുക.
രാഷ്ട്രീയ വേട്ടയാടലെന്ന സിപിഎമ്മിന്റെ ആരോപണം മുന്നിൽക്കണ്ട് നടപടിക്രമങ്ങൾ പാലിച്ചാണു സർക്കാരിന്റെ നീക്കം. നേരിട്ടു കേസിലേക്കു നീങ്ങിയാൽ കോടതിയിൽ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിലയിരുത്തി. ഉന്നത പൊലീസ് നേതൃത്വത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ല എന്നതിനാൽ ആത്മവിശ്വാസമുണ്ടെന്നും പി.എ.മുഹമ്മദ് റിയാസ്. രാജ്യത്തു പലയിടത്തും ഇ.ഡിയുടെ അന്വേഷണം, അവരെടുക്കുന്ന മൊഴി, മൊഴിയെടുപ്പു രീതി എന്നിവയെ ബിജെപി ഇതര പാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പാർട്ടികളിലൊന്നാണു കോൺഗ്രസ്. അവർ ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ, ഇ.ഡി നൽകിയ റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണം പ്രഖ്യാപിച്ചതു സമൂഹം ചർച്ചചെയ്യുമെന്നും റിയാസ് പറഞ്ഞു.
ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ വിശദീകരണ ലഘുലേഖയുമായി സിപിഎം രംഗത്തെത്തി.. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച് പാർട്ടി പ്രവർത്തകരിലെത്തിക്കുന്ന ലഘുലേഖയുടെ പ്രധാനഭാഗം ലേഖനമായി പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, പിണറായി വിജയനും വീണയ്ക്കും പ്രതിരോധം തീർക്കുന്ന ലേഖനത്തിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിന്റെ പേരു പരാമർശിച്ചിട്ടില്ല. ഇതിൽ പിണറായിക്ക് പ്രതിഷേധമുണ്ട്.
‘പിണറായിക്ക് എതിരെയുള്ള രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിക്കാനുള്ള’ ആഹ്വാനമാണ് ഇന്നലെ പാർട്ടി നൽകിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയറ്റ് മാർച്ചിലെ ബാനറും മുദ്രാവാക്യവുമെല്ലാം പിണറായിക്കു വേണ്ടിയുള്ളതായിരുന്നു. പിണറായിക്കെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ ശത്രുക്കൾ ഉയർത്തി പരാജയപ്പെട്ടിട്ടുണ്ടെന്നും ഇതും അത്തരത്തിലൊന്നു മാത്രമാണെന്നും പാർട്ടിപത്രത്തിലെ ലേഖനത്തിൽ പറയുന്നു. പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കിൽ, സർക്കാരിനു നഷ്ടവും തനിക്കു നേട്ടവുമുണ്ടാക്കുന്ന ആനുകൂല്യം ചെയ്തിട്ടുണ്ടാകണം. സിഎംആർഎലിനു വഴിവിട്ട സഹായമൊന്നും പിണറായി നൽകിയിട്ടില്ലെന്നും അന്നത്തെ മുഖ്യമന്ത്രിയുടെ മകളാണ് എന്നതുകൊണ്ടു മാത്രമാണു വീണയ്ക്കെതിരെയുള്ള ദുരാരോപണമെന്നും ലേഖനത്തിൽ പറയുന്നു. നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണു വീണ ബിസിനസ് ചെയ്തത്. നൽകിയ പണത്തിനു സേവനം ലഭിച്ചിട്ടില്ലെന്നു കമ്പനി എവിടെയും മൊഴി നൽകിയിട്ടില്ലെന്നും ലേഖനം ന്യായീകരിക്കുന്നു.
കോഴിക്കോട്ട് വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡിനെക്കുറിച്ചും ഹവാലയെക്കുറിച്ചുള്ള ഹസൻ വാരിസിന്റെ മൊഴി ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും ലേഖനത്തിലുണ്ടെങ്കിലും, എവിടെയും മുഹമ്മദ് റിയാസിന്റെ പേര് പരാമർശിച്ചിട്ടില്ല. ‘ഹവാല’ ഉൾപ്പെടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഹമ്മദ് റിയാസ് വിശദീകരിച്ചതായി വിവരമുണ്ട്.. ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും അവ്യക്തമായ ചില എഴുത്തുകുത്തുകളും ഭീഷണിപ്പെടുത്തി വാങ്ങിയ മൊഴികളും ഉയർത്തിക്കാട്ടിയാണ് ഇ.ഡിയുടെ നീക്കമെന്നും പാർട്ടിയെ അറിയിച്ചു. ആരോപണങ്ങളുടെ വസ്തുത റിയാസ് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിക്ക് ബോധ്യപ്പെട്ടെന്നുമാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സെക്രട്ടേറിയറ്റിനുശേഷമുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കെ എം ഷാജഹാൻ പിണറായിക്കെതിരെ ഇതാദ്യമായല്ല രംഗത്തെത്തുന്നത്. പിണറായി മുഖ്യമന്തിയായിരുന്ന കാലത്തും ഇതു തുടർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റ മകന്റെ വിദേശ പഠന ഫീസ് സംബസിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനു റിപ്പോർട്ട് നൽകിയ ആദായനികുതി ഉദ്യോഗസ്ഥൻ ആർ. മോഹനനെയാണ് പിണറായി പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് എന്ന തെളിവുകൾ പുറത്തുവിട്ടുകൊണ്ടാണ് അന്ന് ഷാജഹാൻ പിണറായിയെ പ്രതിസന്ധിയിലാക്കിയത്. പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജി വച്ച ഒഴിവിലാണ് സഹോദരൻ മോഹനനെ തൽസ്ഥാനത്തു നിയമിച്ചതെന്നായിരുന്നു ആരോപണം.
വി എസിന്റെ മുൻ സെക്രട്ടറി കെ.എം.ഷാജഹാൻ, സി.ആർ നീലകണ്ഠൻ എന്നിവരാണ് ആരോപണവുമായി രംഗത്തു വന്നത്. 2007 - 2008 കാലഘട്ടത്തിലെ റിപ്പോർട്ടാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം.
പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുന്ന ഷാജഹാന് വി എസുമായി അടുത്ത ബന്ധമുള്ളവരുമായി ഉറ്റ ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോപണത്തിന് പിന്നിൽ വി എസ് ഉണ്ടെന്നും അന്ന് പറഞ്ഞുകേട്ടിരുന്നു.
നളിനി നെറ്റോയുടെ രാജി തീരെ അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണ് നളിനി നെറ്റോക്ക് ഉണ്ടായിരുന്നത് . എം വി ജയരാജൻ രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലരുമായി നളിനി നെറ്റോ തെറ്റിയതായി പ്രചരണം ഉയർന്നിരുന്നു. എന്നാൽ അത്തരം പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വൈകാതെ മനസിലായി. അവരുടെ സഹോദരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നളിനി നെറ്റോ തന്നെയാണ്.
ആദായ നികുതി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതിനെതിരെയാണ് ആരോപണം. പ്രത്യക്ഷത്തിൽ ഇതിൽ യാതൊരു തെറ്റുമില്ല. അതേ സമയം നിയമിക്കപ്പെട്ട വ്യക്തിക്ക് മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഐഎഎസുകാരെയോ രാഷ്ട്രീയക്കാരെയോ നിയമിക്കുന്ന സ്ഥലത്ത് നിയമിച്ചതിനെതിരെയാണ് ആരോപണം ഉയർന്നത്.
പിണറായിയുടെ മകനും മകളും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയത്. ഇരുവർക്കും രാഷ്ട്രിയവുമായി അന്ന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അന്ന് വീണക്കെതിരെ ആരോപണങ്ങളും ഉണ്ടായിരുന്നില്ല.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വരുമാനവും വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുമാണ് അന്വേഷിക്കുന്നത് .സാധാരണ ചുറ്റുപാടിൽ നിന്ന് ജീവിച്ചു പോരുന്ന പിണറായിക്ക് എങ്ങനെ മകനെ വിദേശത്ത് പഠിപ്പിക്കാൻ കഴിഞ്ഞു എന്നാണ് ബോർഡ് അന്വേഷിച്ചത്.ഇതിൽ പിണറായിയെ രക്ഷിക്കാൻ ആർ. മോഹനന് കഴിഞ്ഞു.
ഏതായാലും ഷാജഹാന് വി എസിന്റെ ഉറ്റവരുമായി അടുത്ത ബന്ധമുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ എന്തും സംഭവിക്കാം.
https://www.facebook.com/Malayalivartha
























