വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

നെയ്യാറ്റിൻകര ഓണംകോട് കരിക്കുംതല പുത്തൻവീട്ടിൽ വിജയകുമാരിയെ കൊലപ്പെടുത്തിയ കേസിൽ, ഒന്നാം പ്രതി വെൺപകൽ ഒറ്റപ്ലാവിള വീട്ടിൽ പ്രസന്നകുമാർ മകൻ 32 വയസുള്ള അനീഷ്, രണ്ടാം പ്രതി അരങ്കമുകൾ കോട്ടുതലകുഴി മേലെ പുത്തൻവീട് അനി മകൻ 25 വയസുള്ള നിഖിൽ എന്നിവരെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ശ്രീമതി രേഖ ആർ ജീവപര്യന്തം തടവിനും, 50,000 രൂപ പിഴ ഒടുക്കാനും, പിഴ ഒടുക്കാത്ത പക്ഷം ആറുമാസം വീതം കഠിനതടവിനും ശിക്ഷിച്ചത്.
കൂടാതെ, പിഴയായി ഈടാക്കുന്ന തുക കേസിലെ ഒന്നാം സാക്ഷിയായ മരണപ്പെട്ട വിജയകുമാരിയുടെ മകൾക്ക് നൽകണമെന്നും, ഒപ്പം അർഹമായ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
2022 സെപ്റ്റംബർ 9-ന് ഉച്ചയ്ക്ക് 2.45 മണിയോടുകൂടി, വിജയകുമാരി താമസിച്ചിരുന്ന ഓണംകോട് കരിക്കകംതല പുത്തൻവീട്ടിന്റെ മുറ്റത്ത് പ്രതികൾ അതിക്രമിച്ച് കയറി, വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വിറകുകമ്പുകൊണ്ട് ഒന്നാം പ്രതി വിജയകുമാരിയുടെ കഴുത്തിലും മറ്റൊരു കമ്പു കൊണ്ട് രണ്ടാം പ്രതി വിജയകുമാരിയുടെ പിൻകഴുത്തിലും വലതുകൈത്തണ്ടയിലും അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് കേസ്.
ഒന്നാം സാക്ഷിയുടെ മൊഴിയും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
മരണപ്പെട്ട വിജയകുമാരിയുടെ മകൾ മാത്രമായിരുന്നു കേസിലെ ഏക ദൃക്സാക്ഷി. വിജയകുമാരിയുടെ വസ്തുവുമായി ബന്ധപ്പെട്ട അതിർത്തി തർക്കത്തെ തുടർന്നുണ്ടായ മുൻവൈരാഗ്യവും സംഭവദിവസം വിജയകുമാരിയുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം. വിജയകുമാരിയുടെ ഭർത്താവ്, ടിയാളുടെ മകൾക്കു ആറു മാസം പ്രായമുള്ളപ്പോൾ തന്നെ ഗൾഫിൽവച്ച് മരണപ്പെടുകയും, വിജയകുമാരിയുടെ മരണത്തോടെ മകൾ അനാഥയാവുകയും ചെയ്തു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 44 സാക്ഷികളെ വിസ്തരിക്കുകയും 71 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ *അഡ്വ.എ.ആർ.ഷാജി* ഹാജരായി.
അഡ്വക്കേറ്റുമാരായ ഷമീർ എ വെമ്പായം, നീരജ് ആർ എസ് , ഉദയൻ പുനലൂർ, സുർജിത് എസ് എൽ, അഖില അജി ,അർച്ചന ആർ തോമസ്, അനീറ്റ മേരി അലക്സ്, സായി കൃഷ്ണ എസ്,SCPO അരവിന്ദ് മോഹൻ, CPO നവീൻ, CPO കിഷോർ ബി, ASI അനിത എന്നിവരും പ്രോസീക്യൂഷൻ സഹായികളായി ഹാജരായി.
"
https://www.facebook.com/Malayalivartha


























