ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു

ലൈഫ് സയന്‍സസ്, ബയോ മെഡിക്കല്‍ വ്യവസായ മേഖലകളില്‍ മികച്ച സാധ്യതകളുള്ള നിക്ഷേപ കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് നാലാമത് അന്താരാഷ്ട്ര ലൈഫ് സയന്‍സസ് കോണ്‍ക്ലേവും എക്സ്പോയുമായ ബയോ കണക്ട് 4.0 സമാപിച്ചു.
സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിപാടിയില്‍ മൂന്ന് ധാരണാപത്രങ്ങളും നാല് നിക്ഷേപ താത്പര്യ പത്രങ്ങളും കൈമാറി. ഇതിലൂടെ 713 കോടി രൂപയുടെ നിക്ഷേപ താത്പര്യമാണ് പ്രകടമായത്.
ഭാരത് ബയോം ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക് - ആര്‍ജിസിബി), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, ഇന്‍.വെന്‍റ്, ഇന്ത്യ ഡയഗ്നോസിറ്റിക്ക പ്രൈവറ്റ് ലിമിറ്റഡ്, മെഡ്ഗ്രോ ബയോ ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫുഡ്പ്രോ സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് നിക്ഷേപ താത്പര്യം അറിയിച്ചത്.
ശാസ്ത്രം, സാങ്കേതികവിദ്യ, നിക്ഷേപം, നൂതനാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിദഗ്ധരും വ്യവസായ മേഖലയിലെ പ്രതിനിധികളും ചര്‍ച്ച ചെയ്തതായി കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സമാപന സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറൂന്നൂറിലധികം പ്രതിനിധികളും 45 ലധികം എക്സിബിറ്റേഴ്സും പങ്കെടുത്ത ബയോ കണക്ട് 4.0 ശാസ്ത്രം, വ്യവസായം, എഐ, ന്യൂട്രോസ്യൂട്ടിക്കല്‍സ്, നിക്ഷേപം, നൂതനാശയങ്ങള്‍ എന്നീ മേഖലകളെ ഒരുമിപ്പിക്കുന്ന സജീവ വേദിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപം ആകര്‍ഷിക്കുക മാത്രമല്ല, അവയിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിലുള്ള വ്യവസായ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക്, നിക്ഷേപ സൗകര്യങ്ങള്‍, സരള്‍ കേരളം തുടങ്ങിയവയിലൂടെ ലൈഫ് സയന്‍സസ് ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും വിപുലീകരിക്കാനുമുള്ള അനുയോജ്യ കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ക്ലേവിലൂടെ രൂപപ്പെട്ട ബന്ധങ്ങള്‍ തുടര്‍ സഹകരണങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും വളരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കെഎല്‍ഐപി ഡയറക്ടറും മാഗ്ജീനോം ടെക്നോളജീസ് സിഇഒ യുമായ ഡോ. സി.എന്‍ രാംചന്ദ് ശാസ്ത്ര സെഷനുകളിലെ പ്രധാന കണ്ടെത്തലുകളും ചര്‍ച്ചകളുടെ സംഗ്രഹവും അവതരിപ്പിച്ചു.
കിന്‍ഫ്ര മാനേജിങ് ഡയറക്ടറായ സന്തോഷ് കോശി തോമസ്, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം സ്പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ നന്ദി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha





















