നുണകള്‍ ആവര്‍ത്തിക്കരുത്: ടോമിന് ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയ മുന്‍ ഡിജിപി ടോമിന് ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ശിക്ഷിച്ചിട്ടും തച്ചങ്കരി ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നും ആശുപത്രിയില്‍ പോയി സുഖമായിട്ട് കിടക്കുകയാണെന്നും കോടതി പറഞ്ഞു. ജയില്‍ സൂപ്രണ്ട്, തച്ചങ്കരിയുടെ ശിക്ഷാ സമയത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി നിര്‍ദേശ പ്രകാരം ഇന്ന് സമര്‍പ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളും ബൈപ്പാസിനു വിധേയമായതുമെല്ലാം മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
മെഡിക്കല്‍ രേഖകള്‍ ചൂണ്ടിക്കാട്ടി ഇതൊക്കെ വച്ച് എങ്ങനെയാണ് തച്ചങ്കരി വിദേശത്ത് ജോലിക്ക് പോകുന്നതെന്ന് ജസ്റ്റിസ് എ.ബദറുദീന്‍ വാക്കാല്‍ ആരാഞ്ഞു. ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള് എങ്ങനെയാണ് വിദേശത്ത് ജോലിക്കു പോകുന്നത് എന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് കോടതി തച്ചങ്കരിയുെട ജയില്‍ വാസത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ജയിലില്‍ ചെന്നാല്‍ അവിടെ കിടക്കാതിരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ കിടക്കും. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പൂര്‍ണ ആരോഗ്യവാനാണ്, ഇത് പറ്റില്ല. അഡ്മിഷന് തീയതി മുതല്‍ റിലീസ് തീയതി വരെ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ആശുപത്രിയില്‍ പോയി സുഖമായിട്ട് കിടക്കും. അവിടെ ചെന്നാല്‍ രോഗം. ഇവിടെ വരുമ്പോള്‍ ഒരു രോഗവുമില്ല. ദുബായ്ക്ക് പോണം ജോലി ചെയ്യണം. കോടതിക്ക് മുമ്പില്‍ നുണകള്‍ ആവര്‍ത്തിക്കരുത്. ഇത്തരത്തിലുള്ള രീതികള്‍ ഗൗരവമായി എടുക്കും. ഇതാണ് നിലപാടെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് എനിക്ക് പോകേണ്ടി വരും, കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























