വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!

ഒരുകാലത്ത് ഇന്ത്യൻ വിപണിയിലെ വമ്പൻ ഇലക്ട്രോണിക്സ് ബ്രാൻഡുകളിലൊന്നായിരുന്നു വീഡിയോകോൺ. ടെലിവിഷനും ഫ്രിഡ്ജും വാഷിങ് മെഷീനുമൊക്കെയായി ഇന്ത്യൻ വീടുകളിൽ വലിയ സ്വാധീനം ചെലുത്തിയ കമ്പനി. എന്നാൽ കാലം മാറിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വീഡിയോകോണിന്റെ തകർച്ച ഇപ്പോൾ മുൻ ചെയർമാൻ വേണുഗോപാൽ ധൂതിനെയും പാപ്പരത്തത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 12,668 കോടി രൂപയുടെ ബാങ്ക് കുടിശ്ശികയുമായി ബന്ധപ്പെട്ട് വീഡിയോകോൺ മുൻ പ്രമോട്ടർ വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈയിലെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ. നവംബർ അഞ്ചിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജിയിൽ ട്രൈബ്യൂണൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വീഡിയോകോൺ കമ്പനിക്കും ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾ നൽകിയ വായ്പകൾക്ക് ധൂത് വ്യക്തിഗത ജാമ്യം നൽകിയിരുന്നു. കമ്പനികൾ വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ ആ ബാധ്യത വ്യക്തിപരമായും ധൂതിനെ പിന്തുടരുകയായിരുന്നു.
കടം തിരിച്ചടയ്ക്കാൻ 600 കോടി രൂപ 36 മാസത്തിനുള്ളിൽ നൽകാമെന്നായിരുന്നു ധൂതിന്റെ അവസാന വാഗ്ദാനം. സിലിഗുരിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു ഈ തിരിച്ചടവ് പദ്ധതി. എന്നാൽ പദ്ധതിക്ക് ആവശ്യമായ അനുമതികളും ഭാവിയിലെ വരുമാനവും ഉറപ്പില്ലെന്നും ഉടൻ നൽകുന്ന തുകയൊന്നും പദ്ധതിയിലില്ലെന്നും ചൂണ്ടിക്കാട്ടി ബാങ്കുകൾ ഈ നിർദേശം തള്ളി. ഇതോടെയാണ് പാപ്പരത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ധൂതിന്റെ ആസ്തികൾ ഇനി ബാങ്കുകളടക്കമുള്ള വായ്പാദാതാക്കളുടെ അവകാശവാദങ്ങൾ പരിഗണിച്ച് കൈകാര്യം ചെയ്യാൻ അസിഷ് നാരായണനെ ട്രസ്റ്റിയായി നിയമിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം തന്റെ സാമ്പത്തിക സ്ഥിതിയുടെ പൂർണവിവരങ്ങൾ സമർപ്പിക്കാനും നിർദേശമുണ്ട്. ഒരുകാലത്ത് ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യവസായി, ഒടുവിൽ സ്വന്തം വ്യക്തിഗത ജാമ്യത്തിന്റെ പേരിൽ പാപ്പരായി പ്രഖ്യാപിക്കപ്പെടുമ്പോൾ, വീഡിയോകോണിന്റെ തകർച്ച ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ വലിയൊരു സാമ്പത്തിക പാഠമായി മാറുകയാണ്.
https://www.facebook.com/Malayalivartha






















