കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്ടാവുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ഒരു മാസത്തിനകം സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇരുപത്തിയേഴാമത് സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി & എച്ച് എസ് എസ് ഫോർ ഗേൾസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാർക്കായി പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോയ്‌ലറ്റുകളും നിർബന്ധമാക്കിയ രീതിയിൽ, ഇനി സംസ്ഥാനത്തെ എല്ലാ പൊതുവിടങ്ങളിലും എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുളള ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഡാറ്റ ശേഖരിക്കുകയും അത് തുടർച്ചയായി പുതുക്കുകയും ചെയ്യും.ഭിന്നശേഷിക്കുട്ടികളുടെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി തടസ്സമാവില്ല. മുൻഗണന നൽകി ഖജനാവിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കും.
ഭിന്നശേഷി ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60 മുതൽ 70 ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താനും കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഇതിനായി ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരും. തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യാതൊരു ആകുലതയും വേണ്ടതില്ലെന്നും കേരളം ഈ മക്കളെ ചേർത്തുനിർത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
https://www.facebook.com/Malayalivartha

























