ബിഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്

കേരളത്തിന് ആനകളെന്നാൽ വെറുമൊരു മൃഗമല്ല... അതൊരു വികാരമാണ്. ഉത്സവപ്പറമ്പുകളിലും പൂരപ്പറമ്പുകളിലും തലയെടുപ്പോടെ നിൽക്കുന്ന കൊമ്പന്മാരെ കാണുമ്പോൾ മലയാളികളുടെ മനസ്സ് നിറയും. ആനകളുടെ കഥകൾ കേൾക്കാനും അവയുടെ വിശേഷങ്ങൾ അറിയാനും മലയാളികൾക്ക് എന്നും വലിയ താൽപര്യമാണ്. എന്നാൽ ഇന്ന് കേരളത്തിന്റെ മനസ്സ് നിറയ്ക്കുന്നത് ഒരു കൊമ്പന്റെ തലയെടുപ്പല്ല. വെറും ഒന്നര വയസ്സുള്ള ഒരു കുഞ്ഞാനയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ്.
ആ കുഞ്ഞിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി എത്തിയിരിക്കുന്നത് ഗുജറാത്തിൽനിന്നുള്ള ഒരു പേരാണ്. അനന്ത് അംബാനി!
ദയാവധം വരെ നിർദേശിക്കപ്പെട്ട ഒരു ആനക്കുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു അവസരം ഒരുക്കുകയാണ് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര. പണവും സൗകര്യങ്ങളും മാത്രമല്ല, ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സും എത്ര വിലപ്പെട്ടതാണെന്ന് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുകയാണ്.
എന്താണ് ഈ കുഞ്ഞാനയ്ക്ക് സംഭവിച്ചത്?
പെരുമ്പാവൂരിനടുത്തുള്ള കോടനാട് അഭയാരണ്യത്തിലാണ് ഈ ഒന്നര വയസ്സുകാരൻ ആനക്കുട്ടിയുള്ളത്. ജന്മനാ അസ്ഥിവൈകല്യമുള്ള കുട്ടിയാന ജനിച്ച ദിവസം തന്നെ കോടനാട്ടെത്തിയതാണ്. അവിടത്തെ ജീവനക്കാരുടെ പരിചരണത്തിലായിരുന്നു വളർച്ച. അവർ വളരെയേറെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ കുഞ്ഞാനയെ ലാളിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ വീണതോടെ ജീവിതം തന്നെ മാറിമറിഞ്ഞു. തോളിന് ഗുരുതരമായി പരിക്കേറ്റു. 130 കിലോയോളം ഭാരമുള്ള ഈ കുഞ്ഞാനക്ക് ഇപ്പോൾ ശരീരം ചെറുതായിപ്പോലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഒന്നാലോചിച്ചു നോക്കൂ... കൂട്ടുകാരോടൊപ്പം ഓടിക്കളിക്കേണ്ട പ്രായം. അമ്മയാനയുടെ അരികിൽ ചേർന്നുനിന്ന് ലോകം കാണേണ്ട കാലം. എന്നാൽ എഴുന്നേൽക്കാൻ പോലും കഴിയാതെ വേദനയോടെ കിടക്കേണ്ടിവരുന്ന അവസ്ഥ.
കേരളത്തിൽ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയും ആരോഗ്യനിലയും പരിഗണിച്ച് ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ദയാവധം നിർദേശിച്ചിരുന്നു. അതായത് ഈ കുഞ്ഞാനയുടെ ജീവിതത്തിന് ഇനി അധികം പ്രതീക്ഷയില്ലെന്ന വിലയിരുത്തൽ വരെ എത്തി.
പക്ഷേ, അവിടെനിന്നാണ് കഥയിൽ പുതിയൊരു വഴിത്തിരിവുണ്ടാകുന്നത്. രക്ഷകനായി അംബാനി കുടുംബം രംഗത്തെത്തി. മൃഗസംരക്ഷണത്തിനായി ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന അനന്ത് അംബാനിയുടെ വൻതാരയാണ് ഈ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകാൻ മുന്നോട്ടുവന്നത്. അനന്ത് അംബാനിയുടെ ഇടപെടലിലൂടെ കുട്ടിയാനയെ അവിടേക്ക് എത്തിച്ച് ചികിത്സിക്കാനുള്ള നടപടികൾക്ക് വഴിയൊരുങ്ങി.
വൻതാര എന്നത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രം മാത്രമല്ല. പരിക്കേറ്റതും രോഗബാധിതവുമായ മൃഗങ്ങൾക്ക് വിദഗ്ധ ചികിത്സയും പുനരധിവാസവും നൽകുന്ന സംവിധാനമാണ്.
ഇപ്പോൾ ഈ കുട്ടിയാനയ്ക്കായി ഒരുക്കിയിരിക്കുന്നത് പ്രത്യേക ചികിത്സാ യാത്രയാണ്. കോടനാട്ടുനിന്ന് ക്രെയിൻ ഉപയോഗിച്ച് കുട്ടിയാനയെ പ്രത്യേക വാഹനത്തിലേക്ക് മാറ്റി. അവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക്. പിന്നെ സാധാരണ യാത്രാവിമാനമല്ല, പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഗുജറാത്തിലെ ജാംനഗറിലേക്ക്.
യാത്രയിൽ കേരളത്തിലെ വിദഗ്ധ ഡോക്ടർമാരും ഇത്രയും നാൾ കുട്ടിയാനയെ പരിചരിച്ച വനംവകുപ്പ് ജീവനക്കാരും ഒപ്പമുണ്ടാകും.
വൻതാരയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് 60 ദിവസത്തെ ചികിത്സാ പദ്ധതിയാണ്. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടാൽ കുട്ടിയാനയെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതായത്, ഇപ്പോൾ ലക്ഷ്യം വെറുമൊരു യാത്രയല്ല. ആ കുഞ്ഞിനെ വീണ്ടും സ്വന്തം കാലിൽ നിർത്തുക എന്നതാണ്.
ഇവിടെ അനന്ത് അംബാനിയുടെ കേരളബന്ധവും ശ്രദ്ധേയമാണ്. കേരളവുമായുള്ള സ്നേഹവും അനന്ത് അംബാനി കുഞ്ഞാനയെ ഏറ്റെടുക്കാൻ കാരണമായി. അംബാനി കുടുംബത്തിന് പ്രിയമാണ് കേരളവും ഗുരുവായൂരും, 2023 ജനുവരിയിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഗുരുവായൂർ ക്ഷേത്രത്തിലെത്തിയിരുന്നു. അന്ന് ഗുരുവായൂർ ദർശനത്തിനുശേഷം പുന്നത്തൂർക്കോട്ടയിലെത്തി ആനകൾക്ക് പഴം നൽകുകയും ചെയ്തിരുന്നു.
വീണ്ടും 2026 ഏപ്രിലിൽ അനന്ത് അംബാനി കേരളത്തിലെത്തി. ഗുരുവായൂർ ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും വികസനത്തിനുമായി കോടികളുടെ സഹായവും പ്രഖ്യാപിച്ചു. എന്നാൽ ഈ സന്ദർശനത്തിലെ മറ്റൊരു പ്രധാന കാര്യം ആനകളുടെ ക്ഷേമവുമായി ബന്ധപ്പെട്ടതായിരുന്നു.
ഗുരുവായൂരിലെ ആനകൾക്കായി ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി, ശാസ്ത്രീയ പരിചരണം, മെച്ചപ്പെട്ട സംരക്ഷണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള താൽപര്യം അനന്ത് അംബാനി പ്രകടിപ്പിച്ചു. തുടർന്ന് വൻതാരയിലെ വിദഗ്ധസംഘം പുന്നത്തൂർക്കോട്ടയിലെത്തി പരിശോധനയും നടത്തി. ഗുരുവായൂരിൽ ബഹുവൈദഗ്ധ്യമുള്ള മൃഗാശുപത്രി സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു.
ഇതോടെ കേരളത്തിലെ ആനകളുടെ ആരോഗ്യസംരക്ഷണത്തിനും പുതിയ പ്രതീക്ഷകൾ ഉയർന്നു.
https://www.facebook.com/Malayalivartha























