പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ. നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
ഇത് കൂടാതെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താനും നിർമാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്താനുമാണ് നിർദേശം. പരിശോധനയിലൂടെ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനും ആവശ്യമായ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
2026 ഫെബ്രുവരി 16നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽത്തന്നെ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് വലിയ ആശങ്കയ്ക്കിടയാക്കി. രോഗികളുടെയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. കോടികൾ ചെലവഴിച്ച് നിർമിച്ച അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ സുരക്ഷയും നിർമാണത്തിന്റെ ഗുണനിലവാരവും ഇതോടെ ആശങ്കയിലായി
https://www.facebook.com/Malayalivartha

























