മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വിയെന്ന് എക്‌സിറ്റ് പോള്‍ ഫലം

കേരളത്തില്‍ മാണിയടക്കം അഞ്ച് മന്ത്രിമാര്‍ തോല്‍ക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മാണിയെ കൂടാതെ തൃപ്പൂണിത്തുറയില്‍ കെ.ബാബു, കോഴിക്കോട് സൗത്തില്‍ എം.കെ.മുനീര്‍ എന്നിവര്‍ തോല്‍ക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. കളമശേരിയില്‍ മല്‍സരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പില്‍ കെ.പി.മോഹനന്‍ എന്നിവരും തോല്‍ക്കും. തൊടുപുഴയില്‍ പി ജെ. ജോസഫും ഇരിക്കൂറില്‍ കെ.സി.ജോസഫും ജയിക്കും.
ആറന്‍മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ജയിക്കുമെന്നും എന്നാല്‍ വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോടില്‍ എല്‍ഡിഎഫിന്റെ എം.വി. നികേഷ് കുമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം. ചതുഷ്‌കോണ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റു നേടി മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മുസ്‌ലിം ലീഗ് 18 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 17 സീറ്റില്‍ ഒതുങ്ങും. കേരള കോണ്‍ഗ്രസ് (എം) മൂന്നു സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മലപ്പുറത്ത് 13-3 എന്ന നിലയില്‍ യുഡിഎഫ് മുന്‍തൂക്കം നിലനിര്‍ത്തും. എറണാകുളം ജില്ലയില്‍ യുഡിഎഫ് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ട് സീറ്റിലും ഒതുങ്ങുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപി മൂന്നു സീറ്റുകള്‍ വരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ 13ല്‍ 12 സീറ്റും എല്‍ഡിഎഫ് നേടും. തൃശൂരില്‍ പത്മജ വേണുഗോപാല്‍ സിപിഐയിലെ വി.എസ്.സുനില്‍കുമാറിനോട് തോല്‍ക്കും. ഇവിടെ യുഡിഎഫിന്റെ വിജയം ചേലക്കര മണ്ഡലത്തിലൊതുങ്ങും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിക്കും. വൈക്കം, പാലാ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടുക. ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് തോല്‍ക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha