രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

രാസലഹരിയെന്ന മഹാവിപത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്‌കാരം കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്റണിയിൽ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരും. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം രാസലഹരി വ്യാപനത്തിൽ പഞ്ചാബിനെക്കാൾ മുന്നിലെത്തിയത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. പല രൂപത്തിലാണ് രാസലഹരി കേരളത്തിൽ വ്യാപകമാകുന്നത്.
ലഹരിക്കടത്തിൽ പിടിക്കപ്പെടുന്നവരുടെ പിഴ വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ കർശനമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സർക്കാർ. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ പരിശോധനകൾ വ്യാപകമാക്കി. ഒറ്റ ദിവസം കൊണ്ട് 15000ത്തോളം പേരെയാണ് പിടിച്ചത്.
ഭാവി തലമുറയെ ലഹരിയുടെ കെണിയിൽനിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണം. ഇന്ത്യ ആദരിക്കുന്ന നേതാവ് എ.കെ ആന്റണിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ 'തൂഫാൻ' രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് അഭിമാനകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























