പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..

പുതിയൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറുമെന്നും ക്രിസ്തുമതത്തെ മറികടക്കുമെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം. നിലവിൽ ഇസ്‌ലാമും ക്രിസ്തുമതവും വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും മുസ്‌ലിം ജനസംഖ്യ വർധിക്കുന്ന വേഗം താരതമ്യേന കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജനനനിരക്കിലെ വ്യത്യാസമാണ് ഇതിന് പ്രധാന കാരണമെന്നും ഗവേഷകർ വിലയിരുത്തുന്നു. (Islam largest religion by 2035)2020ലെ കണക്കുകൾ പ്രകാരം ലോകത്ത് 227 കോടി ക്രിസ്ത്യാനികളും 202 കോടി മുസ്‌ലിംകളും ഉണ്ടായിരുന്നു.
2035ഓടെ മുസ്‌ലിം ജനസംഖ്യ 257 കോടിയായും ക്രിസ്ത്യൻ ജനസംഖ്യ 252 കോടിയായും ഉയരുമെന്നാണ് പ്രവചനം. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകുമെന്നും ക്രിസ്ത്യൻ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2020–2025 കാലയളവിൽ മുസ്‌ലിം സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 3.1 കുട്ടികളായിരുന്നു. ക്രിസ്ത്യൻ സ്ത്രീകളിൽ ഇത് 2.5ഉം മറ്റ് മതവിഭാഗങ്ങളിൽ ശരാശരി 1.6ഉം ആണ്. ഒരു തലമുറയുടെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ താഴെയാണ് മറ്റ് വിഭാഗങ്ങളുടെ ശരാശരി.
മതം മാറുന്നതിനെക്കാൾ ജനനനിരക്കിലെ വ്യത്യാസമാണ് മതജനസംഖ്യാ വളർച്ചയിൽ പ്രധാന സ്വാധീനം ചെലുത്തുന്നതെന്ന് പ്യൂവിലെ ജനസംഖ്യാ
ഗവേഷകൻ കോൺറാഡ് ഹാക്കറ്റ് വിശദീകരിച്ചു.അമേരിക്കയിലും കാനഡയിലും ക്രിസ്ത്യൻ ജനസംഖ്യയുടെ വിഹിതം കുറയുമെന്നും പഠനം പ്രവചിക്കുന്നു. അമേരിക്കയിൽ നിലവിൽ മുതിർന്നവരിൽ 62 ശതമാനം ക്രിസ്ത്യാനികളാണെങ്കിലും 2065ഓടെ ഇത് 50 ശതമാനത്തിൽ താഴെയാകും. കാനഡയിൽ 2030ഓടെ ക്രിസ്ത്യൻ ജനസംഖ്യ പകുതിയിൽ താഴെയാകുമെന്നാണ് കണക്കുകൂട്ടൽ.
മതവിശ്വാസമില്ലാത്തവരുടെ എണ്ണം വർധിക്കുന്നതും ഈ മാറ്റത്തിന് പ്രധാന കാരണമാണ്. 2070ഓടെ അമേരിക്കയിൽ മതബന്ധമില്ലാത്തവർ ജനസംഖ്യയുടെ 41 ശതമാനമാകുമെന്നും കാനഡയിൽ ക്രിസ്ത്യാനികളെക്കാൾ കൂടുതലാകുമെന്നും പ്രവചിക്കുന്നു.ആഗോള ജനസംഖ്യ 2020 മുതൽ 2070 വരെ 29 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വളർച്ചയ്ക്കൊപ്പം മുസ്‌ലിം ജനസംഖ്യ 80 ശതമാനവും ക്രിസ്ത്യൻ ജനസംഖ്യ 30 ശതമാനവും ഉയരുമെന്നാണ് പ്രവചനം. ഹിന്ദു, ജൂത വിഭാഗങ്ങളുടെ എണ്ണം വർധിക്കുമെങ്കിലും ആഗോള ജനസംഖ്യയിലെ അവരുടെ വിഹിതം കുറയാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























