ബ്രിക്-ആര്‍ജിസിബി യില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു...

ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ബ്രിക്-ആര്‍ജിസിബി) 31-ാമത് സ്ഥാപകദിനം സമുചിതം ആഘോഷിച്ചു. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്നതുമായ 'പര്‍പ്പസ് ഡ്രിവന്‍ പ്രൊജക്റ്റുകള്‍ക്കും' മുന്‍ഗണന നല്‍കുമെന്ന് ബ്രിക് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു. ദിനാചരണത്തിന്‍റെ ഉദ്ഘാടന സെഷനില്‍ പ്രത്യേത പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ശാസ്ത്രജ്ഞരുടെ ഭാവനയ്ക്കും മൗലിക ആശയങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ഗവേഷണത്തോടൊപ്പം സമൂഹത്തിന്‍റെ സമകാലിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ലക്ഷ്യബോധമുള്ള പ്രോജക്റ്റുകള്‍ക്കും ആര്‍ജിസിബി ഊന്നല്‍ നല്‍കും. ജീവശാസ്ത്ര മേഖലയിലെ പുത്തന്‍ കണ്ടുപിടുത്തങ്ങളില്‍ നിന്ന് ഡിസൈനിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗവേഷകര്‍ സ്വന്തം പ്രവര്‍ത്തനങ്ങളില്‍ 'ബയോ -ഡിസൈന്‍' ആശയം സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അടിസ്ഥാന ശാസ്ത്രവും പ്രായോഗിക ശാസ്ത്രവും സംയോജിപ്പിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആര്‍ജിസിബി പ്രതിജ്ഞാബദ്ധമാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സമൂഹത്തിന് പ്രയോജനകരമായ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ആര്‍ജിസിബി യ്ക്ക് സാധിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ' ഈസ് എഐ ദി അള്‍ട്ടിമേറ്റ് മഹാഗുരു ഓഫ് എവിരിതിങ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മനുഷ്യന്‍റെ വൈകാരിക സവിശേഷതകള്‍ക്കും ഭാവനയ്ക്കും പകരം വയ്ക്കാന്‍ എഐ യ്ക്ക് സാധിക്കില്ലെന്ന് ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. സാങ്കേതികവിദ്യ എത്ര വളര്‍ന്നാലും മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എ.ഐ യ്ക്ക് എല്ലാം മേഖലകളിലും കൈകടത്താന്‍ സാധിക്കുമെങ്കിലും മനുഷ്യന്‍റെ സന്തോഷവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും നിലനിര്‍ത്താന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി , തിരുവനന്തപുരം ഐസര്‍ പ്രൊഫസര്‍ ഡോ. ഹേമ സോമനാഥന്‍ എന്നിവരും സംസാരിച്ചു.
ഡിജിറ്റല്‍ ന്യൂറോ സയന്‍സിന്‍റെ ഭാവി സാധ്യതകളും മുന്നേറ്റങ്ങളും നിര്‍മ്മിതബുദ്ധി , കമ്പ്യൂട്ടേഷണല്‍ ടൂളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളും മനുഷ്യമസ്തിഷ്കത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് സഞ്ജയ് ബെഹാരി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു. സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാനും ആരോഗ്യപരിപാലനം, രോഗനിര്‍ണയം, നാഡീരോഗ ചികിത്സ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ഈ നൂതന ആശയങ്ങള്‍ക്കുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.
ഐസര്‍ പ്രൊഫസര്‍ ഡോ. ഹേമ സോമനാഥന്‍ പ്രാണികളുടെ ന്യൂറോഎത്തോളജിയെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്. പ്രാണികളും വവ്വാലുകളും ഉള്‍പ്പെടെയുള്ള ജിവികള്‍ വെളിച്ചത്തെയും നിറങ്ങളെയും എങ്ങനെ തിരിച്ചറിയുന്നുവെന്നും ഇത്തരം ദൃശ്യസൂചനകള്‍ അവയുടെ സ്വഭാവരീതികളെ എങ്ങനെ സ്വാധീനിക്കുവെന്നും അവരുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു.
ആര്‍ജിസിബി സയന്‍റിസ്റ്റായ ഡോ. എസ്. ആശാ നായര്‍ സ്വാഗതവും ഡോ. പ്രിയ ശ്രീനിവാസ് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ആര്‍ജിസിബി യിലെ മികച്ച ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. 2023-2026 വര്‍ഷത്തെ മികച്ച അധ്യാപകനായി ഡോ. ദിലീപ് വാസുദേവന്‍ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗവേഷണ പ്രബദ്ധാവതരണത്തിനുള്ള ഡോ. എം ആര്‍ ദാസ് സ്റ്റുഡന്‍റ് മെറിറ്റ് അവാര്‍ഡ് വര്‍ഷ ഷാജിയ്ക്ക് ലഭിച്ചു. മികച്ച തിസീസിനുള്ള പി കെ അയ്യങ്കാര്‍ അവാര്‍ഡിന് വിപിന്‍ സി എല്‍ അര്‍ഹനായി.
സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച '3 മിനിട്ട് തിസീസ്' അവതരണ മത്സരം പരിപാടിയെ ആകര്‍ഷകമാക്കി. മത്സരത്തില്‍ തിരുവനന്തപുരം ഐഐഎസ്ടി യിലെ പ്രിയങ്ക .എം ന് ഒന്നാംസമ്മാനം ലഭിച്ചു.
https://www.facebook.com/Malayalivartha


























