സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11510 രൂപയിലും പവന് 3760 രൂപ കുറഞ്ഞ് 92080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ പവന് 15,000 രൂപയാണ് കുറഞ്ഞത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീൽഡിലെ വർധനയും ഡോളർ കരുത്താർജിക്കുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
ഓഹരി വിപണിയിലെ ഇടിവിനെത്തുടർന്ന് നഷ്ടം നികത്തുന്നതിനുള്ള വിൽപന സമ്മർദവും സ്വർണവിലയെ ബാധിക്കുന്നു. സാങ്കേതികമായും വിപണി ദുർബലമായ പ്രവണതയിലാണ്. ഇന്നലെ 3700 ഡോളർ നിലവാരത്തിൽ വ്യാപാരം നടത്തിയിരുന്ന രാജ്യാന്തര സ്വർണ വിലയിൽ 100 ഡോളറിലധികമാണ് വില കുറഞ്ഞത്.
വെള്ളി വിലയും ഔൺസിന് 41 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് അഞ്ചു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1750 രൂപയുമാണ് വില. എന്നാൽ വില കുറയുന്നതോടെ വിപണിയിൽ ആവശ്യം വർധിക്കുന്നത് താൽക്കാലികമായെങ്കിലും വില പിടിച്ചുനിർത്തുന്നതിന് കാരണമായേക്കും. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവെക്കുന്ന പ്രവണതയും വിപണിയിൽ നിലനിൽക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha
























