ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലൂടെ സഞ്ചരിച്ച്, നർസാപൂരിനും പുരിക്കുമിടയിൽ വടക്കൻ ആന്ധ്രാപ്രദേശ് – യാനം, തെക്കൻ ഒഡിഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കും. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അക്വാൻ ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റ് ബാധിക്കപ്പെടാൻ സാധ്യതയുള്ള ജില്ലകളിലായി ഒഡിഷ സർക്കാർ 9,341 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 2,98,676 ആളുകളെ ഒഴിപ്പിച്ച് 2,523 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി സ്പെഷ്യൽ റിലീഫ് കമ്മീഷണർ രാജേഷ് പി പാട്ടീൽ പറഞ്ഞു. 24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.
ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ആറു ജില്ലകളിൽ നവംബർ 21 വരെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കരതൊടുന്നതിനോട് അനുബന്ധിച്ച് ഒഡിഷയിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പുള്ളതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ വകുപ്പുകൾക്ക് ഒഡിഷ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അക്വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഝാർഖണ്ഡിലെ വിവിധ ഇടങ്ങളിൽ അടുത്ത രണ്ടു മൂന്നു ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിന് പോയ ആന്ധ്രയിലെ കാക്കിനാഡയിൽ നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡിഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തിൽ അഭയം തേടി. ബംഗാളിലും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























