ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിടി ഉഷ

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിടി ഉഷ. ഇതോടെ നാല് വര്‍ഷം നീണ്ട ഉഷയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കുകയാണ്.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. ഒളിമ്പിക് മെഡല്‍ ജേതാവ് ഗഗന്‍ നരംഗ്, ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി വിരേന്ദര്‍ സച്ച്‌ദേവ, മുന്‍ ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മലയാളി ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു. എന്നാല്‍ പിടി ഉഷ പത്രിക സമര്‍പ്പിച്ചില്ല. 2022 ഡിസംബറിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ഉഷ ചരിത്രം കുറിച്ചത്.
നിലവില്‍ ഐഒഎ വൈസ് പ്രസിഡന്റായ ഗഗന്‍ നരംഗ് അവസാന ദിവസമാണ് പത്രിക സമര്‍പ്പിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നരംഗ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് നരംഗിന്റെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിച്ചത്. ഐഒഎ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.
വിരേന്ദര്‍ സച്ച്‌ദേവയും ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ ഐഒഎ സെക്രട്ടറി ജനറലായ രാജീവ് മേത്ത തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു
. 2014 മുതല്‍ 2022 വരെ ഐഒഎ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച മേത്ത നിലവില്‍ ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലാണ്. ഏഷ്യന്‍ ഫെന്‍സിങ് കോണ്‍ഫെഡറേഷനിലും ഇതേ പദവി വഹിക്കുന്നുണ്ട്. മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്തയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക നല്‍കിയ ഏക സ്ഥാനാര്‍ഥി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുന്നതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha

























