തുടരണമോ ഈ ഭരണം? എല്ലാം ശരിയാക്കുമോ? വഴികാട്ടാനായി അവര്‍ വരണമോ? എല്ലാം ശരിയാക്കിത്തരാമെന്ന മട്ടില്‍ ചിരിക്കുന്ന ജനങ്ങള്‍

കേരളം അടുത്ത അഞ്ചുവര്‍ഷം ആര്‍ ഭരിക്കണമെന്ന് നാളെ രാവിലെ 10 മണിയോടെയറിയാം. അതുവരെ കൂട്ടിയും കിഴിച്ചും കഴിയാം. വന്‍നേട്ടം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അമിതമായ അവകാശവാദമുയര്‍ത്താതെയും എന്നാല്‍ ഭൂരിപക്ഷം നേടുമെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചും ഇടത് നേതൃത്വം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പാടെ തള്ളി യു.ഡി.എഫ് . അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചതിന്റെ ത്രില്ലില്‍ എന്‍.ഡി.എ. മൂന്ന് മുന്നണികളും കൂട്ടലും കിഴിക്കലുമായി നാളത്തെ ഫലം കാത്തിരിക്കുകയാണ്. എണ്‍പതിന് മുകളില്‍ സീറ്റുകള്‍ ഉറപ്പാണെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ 101 സീറ്റുകള്‍ വരെയൊന്നും അവര്‍ കണക്കുകൂട്ടുന്നില്ല. എന്നാല്‍ ഇടത് ക്യാമ്പ് പ്രതീക്ഷ വച്ചുപുലര്‍ത്താത്ത ചില മണ്ഡലങ്ങള്‍ വിജയിക്കുമെന്ന പ്രവചനങ്ങള്‍ അവരെ അമ്പരപ്പിക്കുന്നുണ്ട്. തരംഗമുണ്ടായാല്‍ കൂടെപ്പോരാമെങ്കിലും തലസ്ഥാന ജില്ലയിലേതടക്കം ചില മണ്ഡലങ്ങളുടെ കാര്യത്തില്‍ അമിതമായ ആത്മവിശ്വാസമില്ല. തൃശൂരില്‍ ചേലക്കര ഒഴിച്ചെല്ലാം കിട്ടുമെന്ന പ്രവചനത്തിലും അമ്പരപ്പുണ്ട്. ചേലക്കര നഷ്ടപ്പെടില്ലെന്ന വിശ്വാസമാണ് സി.പി.എം ജില്ലാഘടകത്തിന്. അങ്ങനെയെങ്കില്‍ ജില്ലയിലെ എല്ലാ സീറ്റുകളും കൂടെപ്പോരുമെന്ന് കരുതണം. മന്ത്രി കെ. ബാബു അടക്കമുള്ളവര്‍ മത്സരിക്കുന്ന എറണാകുളം ജില്ലയില്‍ അഴിമതിക്കെതിരായ വികാരം ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.എം. അതിനിടെ, കക്ഷിനേതാവിനെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് സി.പി.എം കടക്കുകയാണ്. 20ന് ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. 21ന് സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വം പറയുന്നു. വിവിധ ജില്ലകളില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജയിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയാണ്. 72 78 സീറ്റുകള്‍ കിട്ടുമെന്ന് അവര്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് സീറ്റ് നില മെച്ചപ്പെടുമെന്നും പറയുന്നു. ശുഭപ്രതീക്ഷയാണ് ബി.ജെ.പി നേതൃത്വം പങ്കുവച്ചത്. ബി.ഡി.ജെ.എസുമായുള്ള ബന്ധം സംസ്ഥാനത്താകെ മുന്നേറ്റത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ പ്രചാരണം അനുകൂല തരംഗമുണര്‍ത്തിയിട്ടുണ്ടെന്നും വിശ്വസിക്കുന്നു. മൂന്ന് മുതല്‍ പത്ത് വരെ മണ്ഡലങ്ങളിലാണ് വിജയസാദ്ധ്യത കല്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha