എത്തിനോട്ടം വിനയായി... സുധാകരനെതിരെ കേസെടുക്കും; പെരുമാറ്റച്ചട്ടം ലംഘിച്ചു, പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശം അനുസരിച്ചില്ല

താനല്ല തെറ്റു ചെയ്തതെന്നും ഉദ്യോഗസ്ഥരും പോലീസുമാണ് തെറ്റ് ചെയ്തതെന്ന് വാദിച്ച അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി ജി.സുധാകരനെതിരെ കേസെടുക്കാന്‍ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം ആലപ്പുഴ എസ്.പി പുന്നപ്ര പോലീസിന് നിര്‍ദേശം നല്‍കി. സുധാകരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി. സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെന്നും കാണിച്ചായിരിക്കും കേസ്.
സുധാകരനെതിരെ യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റും ആലപ്പുഴ ഡി.സി.സിയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നതാര്‍ക്കാണെന്ന് ജി. സുധാകരന്‍ നോക്കിയെന്നും വി.എസിന്റെ ഭാര്യ വസുമതി വോട്ട് ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ തന്റെ പേര് രണ്ടാമതാണെന്ന് സൂചന നല്‍കിയെന്നും കാണിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷേക്ക് പി. ഹാരിസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജാണ് ജില്ലാ കലക്ടര്‍ ആര്‍.ഗിരിജയ്ക്ക് പരാതി നല്‍കിയത്. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടുവെന്നും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള വ്യക്തിയുടെ അവകാശത്തില്‍ ഇടപെട്ടുവെന്നുമാണ് പരാതി. വി.എസ് വോട്ട് ചെയ്യുന്ന ദൃശ്യത്തിന്റെ സി.ഡിയും കൈമാറിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കലക്ടര്‍ സുധാകരന്റെ വിശദീകരണം തേടിയിരുന്നു.
എന്നാല്‍ വി.എസും ഭാര്യയും വോട്ട് ചെയ്യുന്നത് താന്‍ നോക്കിയിട്ടില്ലെന്ന് സുധാകരന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു. വി.എസും താനും തമ്മില്‍ നല്ല ആത്മബന്ധമാണുള്ളത്. തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല. താനും വി.എസും അരുണ്‍കുമാറും ചട്ടം ലംഘിച്ചിട്ടില്ല. പോലീസും സര്‍ക്കാരുമാണ് വീഴ്ച വരുത്തിയത്. വോട്ട് ചെയ്യാന്‍ പോകുന്നയാള്‍ക്കൊപ്പം കൂടുതല്‍ ആളുകളെ ബൂത്തില്‍ കയറ്റിയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് വി.എസ് മലമ്പുഴയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയത്. തന്നെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ല. ഇതിനു പിന്നില്‍ പത്രത്തിന്റെ ആലപ്പുഴയിലെ നേതൃത്വമാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റു പത്രങ്ങള്‍ വലിയ വാര്‍ത്തയായി നല്‍കുമ്പോള്‍ പാര്‍ട്ടി പത്രം അവഗണിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha