കലിതുളളി കടല്‍.... നിലവിളികളുമായി പ്രദേശവാസികള്‍

ഉണ്ടായിരുന്നതെല്ലാം കൂട്ടിവെച്ച് ഉണ്ടാക്കിയ വീടുകളാണ് ഒറ്റരാത്രികൊണ്ട് കടല്‍ എടുത്തത്. ചങ്കുതകര്‍ന്നുള്ള അവരുടെ നിലവിളി ഹൃദയഭേദകം ആരു കനിയും ഈ ജീവിതങ്ങളുടെ നേര്‍ക്ക്. 'കടലാണു സാറേ സത്യം. അമ്മ ഞങ്ങളെ പരീക്ഷിച്ചോണ്ടിരിക്കും. അതിനെ വിറ്റു തിന്നുന്ന ഇവിടുത്തെ നേതാക്കന്‍മാരില്ലേ. അവരാണ് ഇതിനൊക്കെ കാരണം. കടലിന്റെ മനമറിയാതെ അവിടെയും ഇവിടെയും പുലിമുട്ട് നിരത്തി. ഈ സമയത്ത് കടലു കയറുമെന്ന് ഞങ്ങളുടെ അപ്പനപ്പുപ്പന്‍മാരുടെ കാലത്തേ അറിയാം. എത്ര തവണ ഞങ്ങളാ കാര്യം ഇവന്‍മാരോടു പറഞ്ഞതാ. വോട്ടു ചോദിച്ചെത്തുമ്പോള്‍ എല്ലാം ശരിയാക്കാമെന്നു പറയും. പിന്നെ തിരിഞ്ഞുനോക്കില്ല.' 'നാലു കൊല്ലം മുമ്പ് ഇതുപോലെ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ ഇപ്പോഴും സ്‌കൂളുകളില്‍ കഴിയുന്നുണ്ട്. ഇന്നലെയും നൂറോളം കുടുംബങ്ങളെ സ്‌കൂളുകളിലാക്കി. രണ്ടാഴ്ച കഴിയുമ്പോള്‍ സ്‌കൂള്‍ തുറക്കും. അതോടെ ഞങ്ങള്‍ക്ക് ഇടമില്ലാതാകും.
അല്ലെങ്കില്‍ ഞങ്ങളുടെ കുട്ടികളുടെ പഠിത്തം നില്‍ക്കും. എന്തായാലും ഇവന്‍മാര്‍ക്കു കുഴപ്പമില്ല. ഓരോന്നു പറഞ്ഞ് ഞങ്ങളുടെ വോട്ടെല്ലാം പെട്ടിയിലാക്കിയില്ലേ. പട്ടിണിയായായാലും കുഴപ്പമില്ല. ഇവന്‍മാരുടെ താല്‍ക്കാലിക ക്യാമ്പിലേക്കു പ്രായം തികഞ്ഞ പെണ്‍മക്കളെ കൊണ്ടുപോകില്ല. ഇതിന് സ്ഥിരമായ പരിഹാരമുണ്ടായില്ലെങ്കില്‍ എല്ലാരെയും കടലമ്മയെടുക്കട്ടെ...' ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് ഡോറ എന്ന വീട്ടമ്മ. അതിലുള്ളത് തീരദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ശബ്ദമാണ്.
ഇരുപതു കൊല്ലമായി കേരളത്തിന്റെ എല്ലാ തീരദേശത്തും ഇടവപ്പാതി ആകുന്നതോടെ കടലാക്രമണം രൂക്ഷമാണ്. എന്നാല്‍, ഇന്നേവരെ ഇക്കാര്യം ശാസ്ത്രീയമായി പരിശോധിക്കാനോ ശാശ്വത പരിഹാരം കാണാനോ മാറി മാറി ഭരിച്ച മുന്നണികള്‍ തയാറായിട്ടില്ല. ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ, കുറയുന്നില്ല. വീട് നഷ്ടപ്പെട്ടവരെ താല്‍ക്കാലികമായി അടുത്തുള്ള സ്‌കൂളുകളിലാക്കി ജില്ലാ ഭരണകൂടം തലയൂരും. അനര്‍ഹര്‍ക്കു നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത് പ്രദേശിക രാഷ്്രടീയ നേതാക്കളും തടിതപ്പും. കടല്‍ക്ഷോഭത്തില്‍ തകരുന്ന വീടുകളല്ലാതെ ഇവര്‍ക്കു വേറെ വീടുകള്‍ ഉണ്ടെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം. ഇടവപ്പാതി അടുക്കുന്നതോടെ തീരത്തെ പഴയ കുടിലുകളില്‍ എത്തുന്ന ഇവര്‍ ധനസഹായം തട്ടിയെടുക്കുന്നതായും അധികൃതര്‍ പറയുന്നുണ്ട്.
യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോ ഭരണ സംവിധാനമോ മെനക്കെടാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha