അക്ഷമരായി പാര്‍ട്ടികള്‍ കാത്തിരിക്കുന്നു!

തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം. കൂട്ടിയും കിഴിച്ചും വിലയിരുത്തിയും വോട്ടെണ്ണലിനായി അക്ഷമയോടെ കാക്കുകയാണ് പാര്‍ട്ടികള്‍. എക്‌സിറ്റ്‌പോള്‍ പറഞ്ഞതുപോലെ അമിത പ്രതീക്ഷയില്ലെങ്കിലും ഭരണത്തിലേറുമെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ് നേതൃത്വം. കുറഞ്ഞത് 80നുമുകളില്‍ സീറ്റെന്ന കണക്കുകൂട്ടലിലാണ് പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന ഉറച്ച വിശ്വാസത്തിലും എല്‍.ഡി.എഫ് യു.ഡി.എഫ് മത്സരത്തിനിടയിലൂടെ ബി.ജെ.പി കടന്നുപോകുമോയെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.
ജനകീയ വിഷയങ്ങള്‍ സ്വീകരിക്കപ്പെട്ടതിന്റെ സൂചനയാണ് എക്‌സിറ്റ് പോളുകളെല്ലാം എല്‍.ഡി.എഫിന് അനുകൂലമായതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 20ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിളിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി 21നും ചേരും. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം മതന്യൂനപക്ഷങ്ങളെ എല്‍.ഡി.എഫിന് അനുകൂലമാക്കി. വടക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് പ്രാദേശികമായി പണം ഇറക്കിയത്, കടുത്ത സി.പി.എം വിരുദ്ധവികാരം ആളിക്കത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, തെക്കന്‍ ജില്ലകളില്‍ യു.ഡി.എഫ് ബി.ജെ.പി അടിയൊഴുക്ക് എന്നിവ പ്രതിഫലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 85 മുതല്‍ 96 വരെ സീറ്റെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്.
74 മുതല്‍ 78 വരെ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് നേതൃത്വവും കരുതുന്നു. എക്‌സിറ്റ്‌പോളില്‍ കഴമ്പില്ലെന്നാണ് ജില്ലാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. മധ്യകേരളത്തില്‍ ഉള്‍പ്പെടെ വോട്ടിങ് ശതമാന വര്‍ധന ഗുണകരമാകും. ബി.ജെ.പി ഭീഷണി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ വികാരമാണ് ഉയര്‍ന്ന പോളിങ്ങ്. ബി.ഡി.ജെ.എസ് സാന്നിധ്യം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇടതുമുന്നണിക്കാകും തിരിച്ചടിയാവുക. 40 സീറ്റെങ്കിലും നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞതവണത്തെ നേട്ടം നിലനിര്‍ത്തിയേക്കില്‌ളെന്ന സംശയം രഹസ്യമായി പങ്കുവെക്കുന്നുണ്ട്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍നിന്ന് എട്ടുമുതല്‍ പത്ത് സീറ്റുകള്‍വരെ അധികം ലഭിക്കുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.'
എട്ടോളം സീറ്റില്‍ പ്രതീക്ഷയിലാണ് ബി.ജെ.പി. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍. മൂന്നിലെങ്കിലും വിജയിക്കുമെന്ന് ബി.ഡി.ജെ.എസ് കണക്കുകൂട്ടുന്നു. കുട്ടനാട്, ഉടുമ്പന്‍ചോല, കയ്പമംഗലം എന്നിവ. ആറന്മുളയിലും മണലൂരിലും നേരിയ പ്രതീക്ഷയുമുണ്ട്. വട്ടിയൂര്‍ക്കാവ്, നേമം എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ വിജയം തടയാന്‍ ഇരു മുന്നണികളും ക്രോസ് വോട്ട് നടത്തിയെന്ന ആരോപണവും ബി.ജെ.പി ഉയര്‍ത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha