ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നും നാട്ടിലേക്കു തിരിച്ചവരെ കാണാതായി; മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന് സംശയം

ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നും നാട്ടിലേക്കു പുറപ്പെട്ട കാസര്‍കോട് പടന്ന സ്വദേശികളായ മുഹമ്മദ് സാജിദ്, മുര്‍ഷിദ് എന്നിവരെയും കാണാതായതായി പരാതിയുണ്ട്. ഇവരുടെ ബന്ധുക്കള്‍ ചന്തേര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇവര്‍ക്കും ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇനി നാട്ടിലേക്കില്ലെന്ന് വ്യാഴാഴ്ച ഇവര്‍ സന്ദേശമയച്ചിരുന്നു.
കേരളത്തില്‍നിന്ന് അഞ്ചു ദമ്പതികളടക്കം 18 പേര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസിനു പുറമെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് അഞ്ചു ദമ്പതിമാരും രണ്ടു കുഞ്ഞുങ്ങളുമടക്കം 18 പേരെ ഒരുമാസം മുമ്പു കാണാതായത്. ഇവര്‍ സിറിയയിലോ അഫ്ഗാനിലോ ഉള്ള ഐഎസ് ക്യാംപുകളില്‍ എത്തിയതായി ബന്ധുക്കള്‍ക്കു സൂചന ലഭിച്ചതോടെയാണ് വിവരം പുറത്തായത്.
അതേസമയം, ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നതിന് സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വിദേശത്തേക്കു പോയെന്നല്ലാതെ മറ്റൊരു വിവരവും ഇവരെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തരബന്ധമുള്ള വിഷയമായതിനാല്‍ എന്‍ഐഎ, റോ തുടങ്ങിയ ഏജന്‍സികളുടെ സഹായവും സംസ്ഥാന പൊലീസ് തേടിയിട്ടുണ്ട്.
മതപഠനത്തിനായി ശ്രീലങ്കയിലേക്കെന്നു പറഞ്ഞാണ് ഇവര്‍ കേരളം വിട്ടത്. എന്നാല്‍ യഥാര്‍ഥ ഇസ്‌ലാമിക രാജ്യത്തെത്തി എന്ന സന്ദേശം ചൊവ്വാഴ്ച വീട്ടുകാര്‍ക്കു ലഭിച്ചു. ഇതോടെ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയം തോന്നി വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കാസര്‍കോട്ട് പഠിക്കുന്നതിനിടെ ഇസ്‌ലാംമതം സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷയും കൊച്ചി സ്വദേശി മറിയവും സഹോദരങ്ങളായ ഈസയെയും യഹിയയെയും വിവാഹം കഴിക്കുകയായിരുന്നു. പാലക്കാട് സ്വദേശികളായ ഇവരും മതംമാറി മുസ്ലീമായതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















